ജിയോ ബേബി ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജ്യോതിക?

By Web TeamFirst Published Sep 29, 2022, 11:21 PM IST
Highlights

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ജിയോ ബേബി. ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ ജിയോ ബേബി അടുത്തതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിക്കുകയാണ്.

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ തമിഴ് നടി സൂര്യ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേഷം സംബന്ധിച്ച് അണിയറക്കാര്‍ ജ്യോതികയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ കരാര്‍ ഒപ്പിട്ടേക്കുമെന്നും ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജ്യോതിക ഇതിനു മുന്‍പും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാറിന്‍റെ സീതാ കല്യാണം എന്നിവയാണ് ആ ചിത്രങ്ങള്‍. അതേസമയം മമ്മൂട്ടിക്കൊപ്പം ജ്യോതിക ആദ്യമായാവും അഭിനയിക്കുക.

ALSO READ : ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കുമോ 'പൊന്നിയിന്‍ സെല്‍വന്‍'? അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇതുവരെ നേടിയത്

അതേസമയം ഒരു പിടി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. നിസാം ബഷീറിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍ എന്നിവയ്ക്കൊപ്പം എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്.

click me!