കേരളത്തില്‍ മാത്രം 295 സ്ക്രീനുകള്‍; വന്‍ ഓപണിംഗ് ലക്ഷ്യമാക്കി 'പൊന്നിയിന്‍ സെല്‍വന്‍'

By Web TeamFirst Published Sep 29, 2022, 10:49 PM IST
Highlights

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് നാളെ എത്തുക

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വനോളം ഹൈപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല. അതിന്‍റെ തെളിവാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുന്ന നേട്ടം. ഇന്ത്യന്‍ സിനിമയില്‍ മുന്‍പ് നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മണി രത്നം തന്‍റെ സ്വപ്നചിത്രം എന്നു വിശേഷിപ്പിച്ചിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ ലോകമാകമാനം വന്‍ സ്ക്രീന്‍ കൌണ്ടുമായാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റും പുറത്തെത്തിയിരിക്കുകയാണ്.

ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളത്തില്‍ മാത്രം 295 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സമീപകാലത്ത് ഏത് ഭാഷാ ചിത്രത്തിനും കേരളത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്ക്രീന്‍ കൌണ്ടുകളില്‍ ഒന്നാണ് ഇത്. അതേസമയം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം കേരളത്തില്‍ നിന്ന് ഒരു കോടിയിലേറെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : 'പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ'? സുരേഷ് ​ഗോപിയുടെ മേ ഹൂം മൂസ സ്‍നീക്ക് പീക്ക്

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് നാളെ എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

click me!