പ്രിവ്യൂ ഷോയില്‍ ഗംഭീര റിപ്പോർട്ടുമായി 'കാന്ത'; ആഗോള റിലീസ് നാളെ

Published : Nov 13, 2025, 01:54 PM IST
kaantha movie from tomorrow dulquer salmaan rana daggubati Bhagyashri Borse

Synopsis

ദുൽഖർ സൽമാൻ നായകനാവുന്ന 'കാന്ത'യുടെ ചെന്നൈയിൽ നടന്ന പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണം.

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്.

ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രിവ്യൂ ഷോ പ്രതികരണങ്ങൾ പറയുന്നത്. ചിത്രം തമിഴിലെ ഒരു ക്ലാസിക് ആണെന്നും കാലത്തെ അതിജീവിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും നിരൂപണങ്ങൾ പറയുന്നു. ദുൽഖർ സൽമാനൊപ്പം ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങളും വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ചിത്രത്തിൻ്റെ ഗംഭീര മേക്കിംഗ്, സംഗീതം എന്നിവയ്ക്കും വലിയ കൈയടി ലഭിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ ദുൽഖർ സൽമാനെ തേടിയെത്തുമെന്നും നിരൂപകർ പറയുന്നു. ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയിൽ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി രണ്ടാം പകുതിയിൽ മാറുന്നു എന്നും പ്രിവ്യൂ ഷോയ്ക്ക് ശേഷം വന്ന നിരൂപണങ്ങൾ സൂചിപ്പിക്കുന്നു.

ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചന ചിത്രത്തിൻ്റെ ട്രെയ്‌ലറും നൽകിയിരുന്നു. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരിക സംഘർഷം എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് പ്രിവ്യൂ റിപ്പോർട്ടുകൾ പറയുന്നത്. "ദ ഹണ്ട് ഫോർ വീരപ്പൻ" എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്സ് - ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്