'കാന്താര'യ്ക്കു ശേഷം കന്നഡയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം; 'കബ്‍സ' വരുന്നു

By Web TeamFirst Published Jan 25, 2023, 11:12 PM IST
Highlights

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്

കെജിഎഫ് ചാപ്റ്റര്‍ 1 എത്തുന്നതുവരെ കന്നഡ മുഖ്യധാരാ സിനിമയെക്കുറിച്ച് ആ സംസ്ഥാനത്തിന് പുറത്ത് അറിയുന്ന സിനിമാപ്രേമികള്‍ കുറവായിരുന്നു. എന്നാല്‍ പ്രശാന്ത് നീല്‍ ഒരുക്കിയ സിനിമാ ഫ്രാഞ്ചൈസി സാന്‍ഡല്‍വുഡിനെക്കുറിച്ചുള്ള മുന്‍വിധികളൊക്കെ മാറ്റിക്കുറിച്ചു. വിക്രാന്ത് റോണ, ചാര്‍ലി 777, കാന്താര തുടങ്ങിയ ഹിറ്റുകളും പിന്നാലെയെത്തി. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ പ്രതീക്ഷിച്ച് കന്നഡത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് കബ്‍സ എന്നാണ്. ചിത്രം ലോകമെമ്പാടും മാര്‍ച്ച് 17 ന് തിയറ്ററുകളില്‍ എത്തും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പീഡകള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്സ പറയുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും. കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Here's the much awaited Release date of the next big thing in the Indian Cinema. hitting the silver screen From March 17th, 2023. @shriya_saran1109 @anandpanditmotionpictures @kabzaamovieofficial pic.twitter.com/CWXrhwAjnD

— Upendra (@nimmaupendra)

ഛായാഗ്രഹണം എ ജെ ഷെട്ടി, കലാസംവിധാനം ശിവകുമാര്‍, എഡിറ്റിംഗ് മഹേഷ് റെഡ്ഡി, പീറ്റര്‍ ഹെയ്ന്‍, രവി വർമ്മ, വിജയ്, വിക്രം, റാം ലക്ഷ്മൺ, മോർ എന്നിവരാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിക്കുന്നത്.  മലയാളം പിആർഒ വിപിൻ കുമാർ, പ്രൊഡക്ഷൻ ഹെഡ് യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗഗൻ ബി എ.

ALSO READ : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി 'പഠാന്‍'; 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ഇതുവരെ നേടിയത്

click me!