'പഠാന്' ലഭിക്കുന്ന പ്രേക്ഷക പ്രതികരണം; ഷാരൂഖ് ഖാന് അഭിനന്ദനവുമായി കമല്‍ ഹാസന്‍

Published : Jan 25, 2023, 09:02 PM IST
'പഠാന്' ലഭിക്കുന്ന പ്രേക്ഷക പ്രതികരണം; ഷാരൂഖ് ഖാന് അഭിനന്ദനവുമായി കമല്‍ ഹാസന്‍

Synopsis

റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ടോടെയാണ് ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്

ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് എന്നതായിരുന്നു ഈ പ്രേക്ഷകാവേശത്തിന് പ്രധാന കാരണം. റിലീസിന് മുന്‍പ് ആവേശം വിതറിയ പല ചിത്രങ്ങളും ആദ്യദിനത്തില്‍ തന്നെ കാണികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു പ്രധാന ചിത്രത്തിന് ലഭിക്കുന്ന ആദ്യദിന പ്രതികരണങ്ങളെ ആകാംക്ഷയോടെയാണ് സിനിമാ വ്യവസായം ഉറ്റുനോക്കുക. എന്നാല്‍ അത്തരം ആശങ്കകളെയൊക്കെ അകറ്റിക്കൊണ്ട് മികച്ച പ്രതികരണമാണ് കിംഗ് ഖാന്‍ ചിത്രത്തിന് ലഭിക്കുന്നത്.  പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തിന് ആശംസയുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍.

ഷാരൂഖിനൊപ്പം താന്‍ സ്ക്രീന്‍ പങ്കിട്ട ഒരേയൊരു ചിത്രമായ ഹേ റാമിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കമല്‍ ഹാസന്‍റെ ട്വീറ്റ്. മികച്ച അഭിപ്രായങ്ങളാണ് പഠാനെക്കുറിച്ച് കേള്‍ക്കുന്നത്. സാകേത് (ഹേ റാമിലെ കമലിന്‍റെ കഥാപാത്രം) പഠാനെ അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് ബ്രദര്‍, എന്നാണ് കമല്‍ ഹാസന്‍റെ ട്വീറ്റ്. മൂന്ന് മണിക്കൂറിനുള്ളില്‍ 27,000 ല്‍ ഏറെ ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.

ALSO READ : 'ആടുതോമ'യ്ക്കു പിന്നാലെ 'ആളവന്താനും' തിയറ്ററുകളിലേക്ക്; കമല്‍ ഹാസന്‍ ചിത്രത്തിനും റീമാസ്റ്ററിംഗ്

അതേസമയം റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ടോടെയാണ് ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.  2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം