
മുംബൈ: കാര്‍ത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം 'കൈതി' ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ആകാംക്ഷയോടെയാണ് സിനിമ ലോകം കേട്ടത്. ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദക്ഷിണേന്ത്യയില്‍ വന്‍ ഹിറ്റായ ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ'. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഭോലാ' എന്നാണ് ചിത്രത്തിന്‍റെ പേര്.
അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഭോലാ'. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് ഇറങ്ങിയതോടെയാണ് കൈതിയില്‍ നിന്നും ബോളിവുഡില്‍ എത്തുമ്പോള്‍ ചിത്രത്തിന് വന്ന വലിയ മാറ്റങ്ങള്‍ ചര്‍ച്ചയാകുന്നത്.
'നസര്‍ ലഗ് ജായേഗി' എന്ന 'ഭോലാ'യിലെ ഗാനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.ഗാനങ്ങള്‍ ഇല്ലാതെ എന്നാല്‍ പഴയ സിനിമ ഗാനങ്ങളെ ഉപയോഗിച്ചാണ് ലോകേഷ് കൈതിയുടെ കഥ പറഞ്ഞതെങ്കില്‍ ആ രീതി അജയ് ദേവഗണ്‍ ഉപയോഗിക്കുന്നില്ലെന്ന് പുതിയ ഗാനം ഇറങ്ങിയതോടെ വ്യക്തമായി.
മലയാളി താരം അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് 'ഭോലാ' യിലൂടെ. എന്നാല്‍ ലോകേഷ് കനകരാജിന്‍റെ കൈതിയില്‍ നിന്നും അജയ് ദേവഗണ്‍ സംവിധാനത്തില്‍ 'ഭോലാ' എത്തുമ്പോള്‍ പുതിയൊരു റൊമാന്‍റിക് ട്രാക്ക് ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയാണ് എന്നതാണ് ഗാനം വെളിവാക്കുന്നത്. അതായത് കൈതിയില്‍ ഒറ്റ സീനില്‍ കാര്‍ത്തിയുടെ കഥാപാത്രം പരാമര്‍ശിക്കുന്ന ഒരു റൊമാന്‍റിക് ട്രാക്ക് വിശദമായി കാണിക്കാനാണ് അജയ് ദേവ്‍ഗണ്‍ ഒരുങ്ങുന്നത് എന്ന് വ്യക്തം.
നേരത്തെ 'ഭോലാ'യുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ കൈതിയില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഉണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഒറിജിനല്‍ തമിഴ് പടത്തില്‍ ഇന്‍സ്പെക്ടറായി നരെയ്ന്‍ ആണെങ്കില്‍ ഹിന്ദിയില്‍ ആ റോളില്‍ തബുവാണ് എത്തുന്നത്. ദൃശ്യം 2 ന് ശേഷം തബു അജയ് ദേവ്‍ഗണിനൊപ്പം പ്രധാന റോളില്‍ എത്തുന്ന ചിത്രമാണ് 'ഭോലാ'.
ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഈ ചിത്രത്തിലും മലയാളത്തിലെ ഒറിജിനല്‍ പടത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അക്ഷയ് ഖന്നയുടെ വേഷത്തിലും, മലയാളത്തിലെ ചില സീനുകള്‍ ഒഴിവാക്കിയും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് കൂടാതെ മലയാളത്തില്‍ ദൃശ്യം ആദ്യഭാഗത്തെ പ്രധാന കഥാപാത്രമായിരുന്നു ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍. എന്നാല്‍ ഈ കഥാപാത്രം ജീത്തു ജോസഫിന്‍റെ ദൃശ്യം 2വില്‍ ഇല്ല. എന്നാല്‍ ഹിന്ദിയിലെ ദൃശ്യം 2വില്‍ ഈ കഥാപാത്രത്തെ വീണ്ടും എത്തിച്ചു.
അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.
പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം; 'ബഡേ മിയാൻ ചോട്ടേ മിയാൻ' ഇനി വിദേശത്ത്, ഇന്ത്യൻ ഷെഡ്യൂൾ കഴിഞ്ഞു