
കൊച്ചി: കലാഭവന്‍ നവാസിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ്. മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു. മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചു.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.