ആറ് വര്‍ഷത്തെ കാത്തിരിപ്പ്; ആ കാളിദാസ് ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്

By Web TeamFirst Published Dec 24, 2020, 10:14 PM IST
Highlights

ബാലതാരമായി സിനിമയിലെത്തിയ കാളിദാസിന്‍റെ നായക അരങ്ങേറ്റമെന്ന നിലയില്‍ 2014ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. അന്ന് പ്രസാദ് ലാബില്‍ കമല്‍ ഹാസന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോഞ്ചിംഗ് ചടങ്ങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു

നെറ്റ്ഫ്ളിക്സിന്‍റെ തമിഴിലെ ആദ്യത്തെ ഒറിജിനല്‍ പ്രൊഡക്ഷനായ ആന്തോളജി ചിത്രം 'പാവ കഥൈകളി'ലൂടെ ഏറ്റവുമധികം അഭിനന്ദനങ്ങള്‍ ലഭിച്ച നടന്‍ കാളിദാസ് ജയറാം ആയിരിക്കും. ആന്തോളജിയില്‍ 'സൂരറൈ പോട്ര്' സംവിധായിക സുധ കൊങ്കര സംവിധാനം ചെയ്ത 'തങ്കം' എന്ന ചിത്രത്തില്‍ സത്താന്‍ എന്ന ട്രാന്‍സ് കഥാപാത്രമായാണ് കാളിദാസ് എത്തിയത്. തങ്കം എന്നും വിളിപ്പേരുള്ള സത്താറായി കാളിദാസ് പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ കാളിദാസിന്‍റെ അടുത്ത തമിഴ് ചിത്രവും പ്രേക്ഷകരിലേക്ക് എത്തുകയാണ്, അതും ഡയറക്ട് ഒടിടി റിലീസ് ആയിത്തന്നെ.

ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന 'ഒരു പക്ക കഥൈ' ആണ് ക്രിസ്‍മസ് റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5-ലൂടെയാണ് റിലീസ്. ബാലതാരമായി സിനിമയിലെത്തിയ കാളിദാസിന്‍റെ നായക അരങ്ങേറ്റമെന്ന നിലയില്‍ 2014ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. അന്ന് പ്രസാദ് ലാബില്‍ കമല്‍ ഹാസന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോഞ്ചിംഗ് ചടങ്ങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേവര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ പക്ഷേ നീണ്ട ആറ് വര്‍ഷങ്ങള്‍ എടുത്തു. ചിത്രം 25ന് അര്‍ധരാത്രി സ്ട്രീമിംഗ് ആരംഭിക്കും.

നടുവുള കൊഞ്ചം പാക്കാത കാണോം, സീതക്കാതി എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള ബാലാജി തരണീതരന്‍ ചിത്രമാണിത്. മേഘ ആകാശ് ആണ് കാളിദാസിന്‍റെ നായികയായി എത്തുന്നത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. ഛായാഗ്രഹണം സി പ്രേംകുമാര്‍. എഡിറ്റിംഗ് ആന്‍റണി. വാസന്‍സ് വിഷ്വല്‍ വെഞ്ചേഴ്സിന്‍റെ ബാനരില്‍ കെ എസ് ശ്രീനിവാസനാണ് നിര്‍മ്മാണം. 

click me!