വിതുമ്പി സംഗീത ലോകം; ഗായിക കല്യാണി മേനോന്‍റെ സംസ്കാരം ഇന്ന്

By Web TeamFirst Published Aug 3, 2021, 12:22 AM IST
Highlights

പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായികയാണ് കല്യാണി മേനോന്‍

ചെന്നൈ: അന്തരിച്ച പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍റെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിലാണ് ചടങ്ങുകള്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കല്യാണി മേനോന്‍ അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായികയാണ് കല്യാണി മേനോന്‍. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. രാമു കാര്യാട്ടിന്‍റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

90കളില്‍ എ ആര്‍ റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന്‍ ആലപിച്ചിട്ടുണ്ട്. കല്യാണി മേനോനും സുജാതയും ചേർന്ന് പാടിയ ശ്യാമ സുന്ദര കേരകേദാര ഭൂമി എന്ന് തുടങ്ങുന്ന ഏഷ്യാനെറ്റ് ടൈറ്റില്‍ സോങ്ങ് ഏറെ ജനപ്രീതി നേടിയിരുന്നു. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ഋതുഭേദകല്‍പന, ജലശയ്യയില്‍  എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം, സുജാത, പൗരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത പരസ്യ സംവിധായകൻ രാജീവ് മേനോൻ മകനാണ്. 

click me!