ലോകേഷിന് വലിയ താരങ്ങളെ തന്റെ സിനിമയുടെ ഭാഗമാക്കാൻ പ്രലോഭിപ്പിക്കാൻ കഴിയുമെങ്കിലും, ആ ആവേശം തിരക്കഥയിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിൽ തമിഴ് സംവിധായകൻ ലോകേഷ് കനകരാജിനെതിരെ നിരൂപകൻ സത്യേന്ദ്ര നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. ലോകേഷിൻ്റെ ഏറ്റവും പുതിയ ചിത്രമായ 'കൂലി'യുടെ തിരക്കഥയെയും മേക്കിങ്ങിനെയും കടന്നാക്രമിച്ച സത്യേന്ദ്ര, സംവിധായകൻ സൂപ്പർതാരങ്ങളെ അപമാനിക്കുകയാണെന്നും ആരോപിച്ചു. ലോകേഷിന് വലിയ താരങ്ങളെ തന്റെ സിനിമയുടെ ഭാഗമാക്കാൻ പ്രലോഭിപ്പിക്കാൻ കഴിയുമെങ്കിലും, ആ ആവേശം തിരക്കഥയിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'കൂലി' അതിന്റെ പ്രഖ്യാപനം മുതൽ വലിയ വാർത്താപ്രാധാന്യം നേടിയ ഒന്നാണ്. എന്നാൽ ചിത്രത്തിന്റെ സ്ക്രിപ്റ്റിലും മേക്കിംഗിലും ലോകേഷ് കാണിക്കുന്ന രീതി സൂപ്പർതാരങ്ങളുടെ പ്രതിഭയെ നശിപ്പിക്കുന്നതാണെന്നാണ് സത്യേന്ദ്രയുടെ വാദം. രജനീകാന്ത്, ആമിർ ഖാൻ തുടങ്ങിയ വമ്പൻ താരങ്ങളെ തന്റെ സിനിമയിലേക്ക് കൊണ്ടുവരാൻ ലോകേഷിന് സാധിക്കുന്നുണ്ട്. എന്നാൽ അവർക്ക് അഭിനയിക്കാൻ മാത്രമുള്ള ഒന്നും ആ സിനിമകളുടെ തിരക്കഥയിലില്ല. ഇത് ആ താരങ്ങളുടെ ലെഗസിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.ചിത്രത്തിൽ ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നതിനെക്കുറിച്ച് സത്യേന്ദ്ര പറഞ്ഞത്, അദ്ദേഹത്തെപ്പോലെയുള്ള ഒരു മികച്ച നടനെ ഇത്തരം ദുർബലമായ സ്ക്രിപ്റ്റുകളിൽ ഉൾപ്പെടുത്തുന്നത് വെറുതെയാണെന്നാണ്.
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളെയും മുൻനിര സംവിധായകരെയും ഒരുപോലെ വിറപ്പിക്കുന്ന വിമർശനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വ്യക്തിയാണ് സത്യേന്ദ്ര. എന്നാൽ വെറുമൊരു 'യൂട്യൂബ് റിവ്യൂവർ' എന്നതിലുപരി പതിറ്റാണ്ടുകളുടെ അഭിനയ പാരമ്പര്യവും അക്കാദമിക് പശ്ചാത്തലവുമുള്ള ഒരു ചലച്ചിത്ര പ്രവർത്തകനാണ് അദ്ദേഹം.
1960 ജൂൺ 6-ന് ജനിച്ച സത്യേന്ദ്ര, നാടക വേദിയിലൂടെയാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. ബി.വി. കാരന്ത്, ഗിരീഷ് കർണാട് തുടങ്ങിയ ഇതിഹാസ തുല്യരായ നാടകപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 1977-ൽ കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഭാരതിരാജയുടെ 'മൺവാസനൈ' (1983), കമൽഹാസന്റെ 'സത്യ' (1988), '18 വയസ്സ്' (2012) തുടങ്ങി അറുപതിലധികം സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ലോറി ഡ്രൈവറായും സാധാരണക്കാരനായും ഒക്കെ സിനിമകളിൽ വേഷമിട്ട സത്യേന്ദ്ര വാർത്തകളിൽ നിറയുന്നത് ലോകേഷ് കനകരാജിന്റെ 'ലിയോ' (Leo) എന്ന സിനിമയ്ക്ക് നൽകിയ റിവ്യൂവിലൂടെയാണ്. "ലോകേഷിന് ലഭിച്ച ബജറ്റും സൗകര്യങ്ങളും എനിക്ക് ലഭിച്ചിരുന്നെങ്കിൽ ഇതിലും വലിയ സിനിമ എടുത്തേനെ" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചർച്ചയായി.


