
തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കമല്‍ ഹാസന്‍ (Kamal Haasan) ചിത്രം വിക്രം (Vikram Movie) താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തില്‍ പക്ഷേ ഏറ്റവും കുറവ് സ്ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികള്‍ നേടിയത് സൂര്യയായിരുന്നു (Surya). ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനവുമായെത്തിയ സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണര്‍ത്തുന്ന ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്‍.
ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്‍റെ ഒരു വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും താന്‍ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.., എന്നാണ് സൂര്യയുടെ ട്വീറ്റ്.
ALSO READ : റോളക്സിന് മുഴുനീള വേഷവുമായി 'വിക്രം 3'? സൂചന നല്‍കി കമല്‍ ഹാസന്‍
അതേസമയം അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടായിരിക്കുമെന്ന് കമല്‍ ഹാസന്‍ അറിയിച്ചിരുന്നു. വിക്രത്തിന്‍റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം വിക്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവന്‍ സഹ സംവിധായകര്‍ക്കും ബൈക്കുകളും സമ്മാനിച്ചിരുന്നു കമല്‍ ഹാസന്‍.
നന്ദി അറിയിച്ച് കമല്‍ ഹാസന്‍
നമസ്കാരം. എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും എന്‍റെ നമസ്കാരം. ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോള്‍ എന്നെയും എന്‍റെ വിക്രം സിനിമയെയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്‍റെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരന്, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പേരറിയാത്ത ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്‍റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററുകളില്‍ വലിയ കൈയടി വാങ്ങിയ എന്‍റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ, അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാവുന്നതാണ്. ഡയറക്ടര്‍ ലോകേഷ് സിനിമയോടും എന്നോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുടെ ഷൂട്ടിംഗിന്റെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്നേഹവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാവാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്ക് ഉണ്ടായിരിക്കണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍. നമസ്കാരം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ