രണ്ട് ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും വലിയ താരനിരയുമായി എത്തിയ ചിത്രമാണ് കമല്‍ ഹാസന്‍ (Kamal Haasan) ടൈറ്റില്‍ കഥാപാത്രമായെത്തിയ വിക്രം (Vikram Movie). വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ കൈയടി നേടിയ ചിത്രത്തില്‍ ചുരുങ്ങിയ സ്ക്രീന്‍ ടൈം കൊണ്ട് തിയറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയത് മറ്റൊരു താരമായിരുന്നു. അതിഥിതാരമായി എത്തിയ സൂര്യ (Suriya) ആയിരുന്നു അത്. തന്‍റെ വിവിധ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു ലോകസൃഷ്ടിയും വിക്രത്തിന്‍റെ സീക്വല്‍ സാധ്യതകളുമൊക്കെ ലോകേഷ് കനകരാജ് ചിത്രത്തില്‍ സൂചിപ്പിച്ചിരുന്നു. അത്തരത്തില്‍ ഒരു സീക്വല്‍ എത്തുന്നപക്ഷം സൂര്യ അവതരിപ്പിച്ച റോളക്സിന്‍റെ അതിലെ സാധ്യതകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടന്നത്. ഇപ്പോഴിതാ വിക്രത്തിന്‍റെ സീക്വലിനെക്കുറിച്ചും അതിലെ സൂര്യയുടെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ സൂചന നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്‍.
വിക്രത്തിന്‍റെ വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് വിവിധ ഭാഷകളിലായി കമല്‍ ഹാസന്‍ പുറത്തിറക്കിയ വീഡിയോയിലാണ് വിക്രത്തിന്‍റെ സീക്വലിനെക്കുറിച്ച് സൂചനയുള്ളത്. അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഒരുമിച്ച് ഉണ്ടാവുമെന്ന് വീഡിയോയില്‍ കമല്‍ പറയുന്നു.
ALSO READ : ഗോള്‍ഡ് പോസ്റ്റര്‍ കോപ്പിയോ? വിമര്‍ശനത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി
നന്ദി അറിയിച്ച് കമല്‍ ഹാസന്‍
നമസ്കാരം. എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും എന്‍റെ നമസ്കാരം. ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോള്‍ എന്നെയും എന്‍റെ വിക്രം സിനിമയെയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്‍റെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരന്, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പേരറിയാത്ത ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്‍റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററുകളില്‍ വലിയ കൈയടി വാങ്ങിയ എന്‍റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ, അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാവുന്നതാണ്. ഡയറക്ടര്‍ ലോകേഷ് സിനിമയോടും എന്നോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുടെ ഷൂട്ടിംഗിന്റെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്നേഹവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാവാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്ക് ഉണ്ടായിരിക്കണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍. നമസ്കാരം.
"
