Kamal Haasan : എംടിയുടെ തിരക്കഥയില്‍ ആന്തോളജി ചിത്രം; നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കാൻ കമൽഹാസൻ

By Web TeamFirst Published Jan 13, 2022, 4:15 PM IST
Highlights

എം ടിയുടെ മകള്‍ അശ്വതിയും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

ലയാളത്തിന്റെ കഥാകാരൻ എം ടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) കഥകൾ ആന്തോളജി ചിത്രങ്ങളായി എത്തുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മോഹൻലാൽ,മമ്മൂട്ടി, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ഈ ചെറുചിത്രങ്ങൾ നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുന്നത് കമൽഹാസൻ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. 

ആർപിഎസ്ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിർമാണം. സുധീർ അമ്പലപ്പാട്ട് ആണ് ലൈൻ പ്രൊഡ്യൂസർ. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. എം ടിയുടെ മകള്‍ അശ്വതിയും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ നായകന്‍. 

'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയ'ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

എംടിയുടെ 'വില്‍പ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും (Asif Ali) മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 

click me!