മുൻപ് നടി പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി, താരത്തിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുകയാണ്

സ്ത്രീകൾ സ്ട്രിക്റ്റ് ആയി നിന്നാൽ ആരും മോശമായി പ്രവർത്തിക്കില്ലെന്നും തെലുങ്ക് സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നില്ലെന്നും ചിരഞ്ജീവി. തന്റെ പുതിയ ചിത്രമായ 'മന ശങ്കരവരപ്രസാദ ഗാരു'വിന്റെ സക്സസ് മീറ്റിനിടെയായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. അതേസമയം താരത്തിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ രംഗത്തുവന്നിരിക്കുകയാണ്. മുൻപ് ആചാര്യ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപിടിക്കുന്ന ചിരഞ്ജീവിയുടെ വീഡിയോയെ മുൻനിർത്തിയാണ് പ്രധാനമായും വിമർശനം ഉയർന്നുവരുന്നത്.

"സ്ത്രീകളെല്ലാവരും സ്ട്രിക്റ്റ് ആയി നിന്നാല്‍ ആരും മോശമായ രീതിയില്‍ സമീപിക്കില്ലെന്ന് ഉറപ്പാണ്. നിങ്ങളുടെ പേടിയാണ് പലരും ചൂഷണം ചെയ്യുന്നത്. അതിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കാസ്റ്റിങ് കൗച്ച് തെലുങ്കില്‍ ഇല്ലെന്ന് തന്നെ ഞാന്‍ ഉറപ്പിച്ച് പറയും." ചിരഞ്ജീവി പറഞ്ഞു.

ചിരഞ്ജീവിയും റാം ചരണും പ്രധാന വേഷത്തിലെത്തിയ ആചാര്യ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന പൂജയെ ചിരഞ്ജീവി നിർബന്ധിച്ച് വേദിയിൽ തുടരാൻ പറയുന്നതും ഫോട്ടോ എടുക്കാൻ വിളിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ അനുവാദമില്ലാതെ പൂജയെ ചിരഞ്ജീവി കെട്ടിപിടിക്കുന്നതും കാണാം. അന്ന് തന്നെ വലിയ ചർച്ചയായിരുന്നു ഈ സംഭവം. ഇപ്പോൾ താരത്തിന്റെ നിലപാടിന്റെ വിമർശിച്ചുകൊണ്ടാണ് നെറ്റിസൺസ് രംഗത്തുവന്നിരിക്കുന്നത്. അതേസമയം നേരത്തെ കീർത്തി സുരേഷിനോടുള്ള ചിരഞ്ജീവിയുടെ പെരുമാറ്റവും ഇതിനോടൊപ്പം ചർച്ചയാവുന്നുണ്ട്.

YouTube video player