'എന്റെ സ്വപ്‌നങ്ങളെ അവര്‍ ബലാത്സംഗം ചെയ്തു', വീട് നശിപ്പിച്ചതിനെ 'റേപ്പ്' എന്ന് വിളിച്ച് കങ്കണ

By Web TeamFirst Published Sep 17, 2020, 5:50 PM IST
Highlights

കങ്കണയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ഒരു കെട്ടിടം പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ വാദം. 

മുംബൈ: വിവാദങ്ങള്‍ക്ക് കുറവില്ല നടി കങ്കണ റണാവത്തിന്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ വാക്ക്‌പോര് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഎംസി കങ്കണയുടെ വീട്ടിലെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ ശ്രമിച്ചതിനെ ബലാത്സംഗത്തോടാണ് താരം ഉപമിച്ചത്. ''വീടിനെ അവര്‍ ശ്മശാനമാക്കി. നോക്കൂ എങ്ങനെയാണ് എന്റെ സ്വപ്‌നങ്ങളെ അവര്‍ നശിപ്പിച്ചതെന്ന്. ഇത് ബലാത്സംഗമല്ലേ?'' കങ്കണ ട്വീറ്റ് ചെയ്തു.

പാലി ഹില്ലിലെ കങ്കണയുടെ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ഒരു കെട്ടിടം പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ വാദം. 

കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. അനധികൃമായി നിര്‍മ്മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്ന് ബിഎംസി പറഞ്ഞെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ കങ്കണക്കനുകൂലമായി രംഗത്തെത്തി. ശിവസേനയെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് കങ്കണയും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എംപി ജയ ബച്ചനും കങ്കണക്കെതിരെ രംഗത്തെത്തി. മുംബൈ പാക് അധീന കശ്മീരിന് തുല്യമാണെന്ന് കങ്കണ പറഞ്ഞതോടെയാണ് വിവാദമുടലെടുക്കുന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയതോടെ വന്‍ വിവാദമായി.

അതേസമയം നടി ഊര്‍മിള മണ്ഡോത്കറിനെ അധിക്ഷേപിച്ച് കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഊര്‍മിള സോഫ്റ്റ് പോണ്‍ താരമാണെന്നായിരുന്നു ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കങ്കണ ആരോപിച്ചത്. ഇതിനെതിരെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 
 
''ഊര്‍മിള ഒരു സോഫ്ട് പോണ്‍സ്റ്റാര്‍. അല്ലാതെ അവര്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവര്‍ക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ''എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു. ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം.
 
നേരത്തെ കങ്കണ മുംബൈയ്ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള രംഗത്തുവന്നിരുന്നു. അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.
 
രാജ്യം മുഴുവന്‍ മയക്കുമരുന്ന് എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവര്‍ക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊര്‍മ്മിള പറയുന്നു. നികുതി ദായകരുടെ പണമുപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ ലഭിച്ച കങ്കണ എന്തുകൊണ്ട് ഇത്തരം ലഹരി ചങ്ങലയെക്കുറിച്ചുള്ള വിവിരം പൊലീസിന് നല്‍കുന്നില്ലെന്നും ഊര്‍മ്മിള ചോദിച്ചു. മുംബൈയ്‌ക്കെതിരായ കങ്കണയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും രൂക്ഷമായി ഊര്‍മിള പ്രതികരിച്ചിരുന്നു.

click me!