എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനം ഉദ്ഘാടനം ചെയ്യാൻ മമ്മൂട്ടിയെത്തി. പത്ഭൂഷൺ നേടിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്. നിരവധി പേരാണ് താരത്തെ കാണാൻ ക്ഷേത്രത്തിലെത്തിയത്. ഈ അന്നദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിൽ സന്തോഷമെന്നും, തന്റെ ഈ സാന്നിധ്യം നമ്മുടെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

അതേസമയം 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. 1998 ൽ പത്മശ്രീ ലഭിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് ദിവസം മുൻപ് മമ്മൂട്ടി നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ സ്വീകരിച്ചിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരം ഏഴാം തവണയാണ് മമ്മൂട്ടി സ്വന്തമാക്കുന്നത്.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഷംല ഹംസയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.



