'ഇന്ത്യ ട്വിറ്റര്‍ നിരോധിക്കണം, സ്വന്തം സോഷ്യല്‍ മീഡിയ തുടങ്ങണം'; കേന്ദ്ര സര്‍ക്കാരിനോട് കങ്കണയുടെ അഭ്യര്‍‌ഥന

By Web TeamFirst Published Apr 18, 2020, 8:55 PM IST
Highlights

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്എസിനെയും 'തീവ്രവാദികള്‍' എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ യഥാര്‍ഥ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ ആരോപിക്കുന്നു. 

വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്‍റെ സഹോദരി രംഗോളി ചന്ദേലിന്‍റെ അക്കൗണ്ട് പൂട്ടിയ സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത്. ഇന്ത്യയില്‍ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയുമാണ് കങ്കണ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് കങ്കണ റണൗത്തിന്‍റെ പ്രതികരണം.

വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തനിക്കും സഹോദരി രംഗോളിക്കുമെതിരായ ആരോപണം തെറ്റാണെന്നും സംവിധായിയ റീമ കഗ്‍തിയെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വീഡിയോയില്‍ കങ്കണ പറയുന്നു. "മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചവരെ മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. അല്ലാതെ അതില്‍ വംശീയ വിദ്വേഷമില്ല", വീഡിയോയില്‍ കങ്കണ തന്‍റെ ഭാഗം വ്യക്തമാക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്എസിനെയും 'തീവ്രവാദികള്‍' എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ യഥാര്‍ഥ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ ആരോപിക്കുന്നു. 

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമെതിരെ കല്ലേറു നടന്നിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററിലൂടെ രംഗോളി ചന്ദേലിന്‍റെ വിദ്വേഷ പ്രചാരണം. ചലച്ചിത്ര സംവിധായിക റീമ കഗ്‍തി, നടി കുബ്ര സെയ്‍ത്, ജ്വല്ലറി ഡിസൈനര്‍ ഫറാറാന്‍ അലി തുടങ്ങിയവരടക്കം ഈ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.  പിന്നാലെയായിരുന്നു ട്വിറ്റര്‍ ഇന്ത്യയുടെ നടപടി. ട്വിറ്റര്‍ ഒരു അമേരിക്കന്‍ പ്ലാറ്റ്ഫോം ആണെന്നും പക്ഷപാതം കാണിക്കുന്നതും ഇന്ത്യാവിരുദ്ധവുമാണെന്നായിരുന്നു ഇതിനോടുള്ള രംഗോളി ചന്ദേലിന്‍റെ പ്രതികരണം.

click me!