അങ്ങനെ വിമര്‍ശിക്കേണ്ട, ഞാനും കഷ്‍ടപ്പെട്ടുതന്നെയാണ് ഇവിടെയെത്തിയത്; കങ്കണയ്‍ക്ക് മറുപടിയുമായി തപ്‍സി

By Web TeamFirst Published Jul 22, 2019, 8:19 PM IST
Highlights


സ്വജനപക്ഷപാതം പറഞ്ഞ് കങ്കണ എന്നെ വിമര്‍ശിക്കുന്നത് എങ്ങനെയാണ്. ഞാൻ ഒരുപാട് കഷ്‍ടപ്പെട്ടുതന്നെയാണ് ഇവിടെ എത്തിനില്‍ക്കുന്നത്.

കങ്കണ റണൌതിന്റെ സഹോദരി രംഗോളി തപ്‍സിയെ പരിഹസിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ 'കോപ്പിയാണ്' തപ്‍സിയെന്നു പറഞ്ഞായിരുന്നു രംഗോളി വിമര്‍ശിച്ചത്. സ്വജനപക്ഷപാതമുള്ള തപ്‍സിയെപ്പോലുള്ള ഹിന്ദി സിനിമാക്കാര്‍ കങ്കണയെ മാനിക്കുന്നില്ലെന്നും രംഗോളി പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗതത് എത്തിയിരിക്കുകയാണ് തപ്‍സി.

സ്വജനപക്ഷപാതം പറഞ്ഞ് കങ്കണ എന്നെ വിമര്‍ശിക്കുന്നത് എങ്ങനെയാണ്. ഞാൻ ഒരുപാട് കഷ്‍ടപ്പെട്ടുതന്നെയാണ് ഇവിടെ എത്തിനില്‍ക്കുന്നത്. രംഗോളിയോടും കങ്കണയോടും തര്‍ക്കിക്കാൻ ഞാനില്ല. കങ്കണയുടെ കോപ്പിയാണ് ഞാനെന്നാണ് പറയുന്നത്. ചുരുണ്ടമുടി വളര്‍ത്തി അനുകരിക്കുന്നുവെന്നാണ് പറയുന്നത്. ചുരുളൻ മുടിക്ക് പകര്‍പ്പവകാശമുണ്ടോ. എനിക്കറിയില്ല. ഞാൻ ജനിച്ചത് ഇങ്ങനെയാണ്.  സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവര്‍ക്ക് മറുപടിയുമായി വന്നതാണ്. പലരെയും ഞാൻ എതിര്‍ക്കുകയായിരുന്നു. ഞാൻ കാരണം കങ്കണയ്‍ക്കും രംഗോലിക്കും മൈലേജ് ലഭിക്കേണ്ട എന്നതുകൊണ്ടാണ് അത്- തപ്‍സി പറയുന്നു.

സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്തരം വിഷയങ്ങളില്‍ സമയം ചെലവിടാനില്ലെന്നും രംഗോളിയുടെ പരാമര്‍ശനത്തിന് മറുപടിയായി ഒരു ചടങ്ങില്‍ തപ്‍സി പറഞ്ഞിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് തപ്‍സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- "നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നുകൂടിയാണ് അര്‍ഥം. നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ കാര്യത്തില്‍ സമയമോ ഊര്‍ജ്ജമോ കളയാൻ ആര്‍ക്കും ആഗ്രഹമില്ലെന്നും നിങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നും കൂടിയാണ് അര്‍ഥം."

തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്കിന്റെ ടീസറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ രംഗത്തെത്തിയപ്പോള്‍ രംഗോളിക്ക് മറുപടിയുമായി തപ്‍സി കമന്റിട്ടതും വൈറലായിരുന്നു.

യഥാര്‍ഥ ഇന്ത്യൻ നായികമാരെ വെളളിത്തിരയിലേക്ക് കൊണ്ടുവരുന്നതില്‍ ആശംസകള്‍ എന്ന അര്‍ഥത്തിലായിരുന്നു വരുണ്‍ ധവാൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയത്. സംവിധായകനെ മാത്രമാണ് വരുണ്‍ പേരെടുത്ത് പ്രശംസിച്ചത്.  എന്നാല്‍ എന്തുകൊണ്ട് തന്റെ പേര് എടുത്തുപറഞ്ഞില്ല, അഭിനന്ദിച്ചില്ല എന്നായിരുന്നു തപ്‍സിയുടെ കമന്റ്. പിന്നാലെ തപ്‍സിയെയും ചിത്രത്തിലെ മറ്റൊരു നായിക ഭൂമിയെയും പേരെടുത്ത് പറഞ്ഞും വരുണ്‍ ധവാൻ ആശംസകള്‍ അറിയിച്ചു. മുമ്പ് 'ജെഡ്‍ജ്‍മെന്റല്‍ ഹെ ക്യാ'യുടെ ട്രെയിലറിനെ പ്രശംസിച്ചും വരുണ്‍ ധവാൻ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ കങ്കണയുടെ പേര്  കണ്ടില്ലെന്ന് പറഞ്ഞ് രംഗോളി വരുണ്‍ ധവാനെ ട്രോളി. പിന്നാലെ എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് വരുണ്‍ ധവാൻ രംഗത്ത് എത്തുകയും ചെയ്‍തു. രംഗോളിയുടെ പരാമര്‍ശത്തെ പരിഹസിച്ചിട്ടാണ് തപ്‍സി കമന്റിട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

click me!