ഭര്‍ത്താവായ ഭുവനേഷിനെ പരിചയപ്പെട്ട കഥ പറഞ്ഞ് അനുമോൾ.

ഭർത്താവ് ഭുവനേഷിനെ പരിചയപ്പെട്ട കഥ പറഞ്ഞ് നടി അനുമോൾ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വെച്ച് ഇരുവരും വിവാഹിതരായത്. അതിനു മുൻപേ ജൂണിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം താലികെട്ട് നടന്നിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് തങ്ങൾക്കു തന്നെ സംശയമാണെന്നും ഒരു സുഹൃത്താണ് ഇങ്ങനെയൊരാളുണ്ട് എന്ന് പറഞ്ഞതെന്നും അനുമോൾ പറയുന്നു. '' അറേഞ്ച്ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ. ഞാൻ ഭുവനേഷിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ മുൻപേ കണ്ടിട്ടുണ്ടായിരുന്നു. കണ്ടന്റ് ഇഷ്ടപ്പെട്ട് അങ്ങോട്ട് ഫോളോ ചെയ്യുകയും ചെയ്തു. പക്ഷേ, ഭുവനേഷ് തിരിച്ച് ഫോളോ ചെയ്തില്ല. കുറച്ചു നാൾ കഴിഞ്ഞ് ഞാൻ അൺഫോളോ ചെയ്തു. സുഹൃത്ത് ഭുവനേഷിന്റെ കാര്യം പറഞ്ഞപ്പോൾ പ്രൊഫൈൽ വീണ്ടും സ്കാൻ ചെയ്തു നോക്കി. ഞങ്ങൾക്ക് കോമണായി അറിയുന്ന ഒരാൾ ഉണ്ടായിരുന്നു. അങ്ങനെ ആൾ സിംഗിൾ ആണെന്നുറപ്പിച്ചു. ആദ്യം അങ്ങോട്ട് മെസേജ് അയച്ചത് ഞാനാണ്. കോയമ്പത്തൂർ വെച്ച് ആദ്യമായി കണ്ടു. ഇതെല്ലാം നടക്കുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ അറിവോടെയാണ്.

ഉടനെയൊന്നും വിവാഹം വേണ്ട, കുറച്ചു സംസാരിക്കട്ടെ എന്നായിരുന്നു ഭുവനേഷിന് ആദ്യം. ആദ്യം കണ്ടപ്പോഴും വിവാഹത്തെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിച്ചിരുന്നില്ല. പിന്നീട് വീഡിയോ കോളിൽ അമ്മയോടു സംസാരിക്കാൻ തുടങ്ങി. അമ്മക്കും എന്നെ ഭയങ്കര ഇഷ്ടമായി. വിവാഹം ജൂണിൽ നടക്കുമെന്ന് എന്നോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു. പിന്നീട് വിവാഹം കഴിക്കാം, ജൂണിൽ നടത്തിയാലോ എന്ന് ഭുവനേഷ് തന്നെ ഇങ്ങോട്ട് വിളിച്ചു ചോദിച്ചു. അതോടെ ഇക്കാര്യത്തിലൊക്കെ എനിക്ക് കൂടുതൽ വിശ്വാസമായി.

ഭുവൻ വന്ന ദിവസം ഞങ്ങൾ പുതിയതായി വാങ്ങിയ സ്ഥലത്തിന്റെ വാസ്തു നോക്കാനായി ഒരാൾ വന്നിരുന്നു. അദ്ദേഹം ഭുവന്റെ കൈ നോക്കിയും മുഖം നോക്കിയും പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് അച്ഛന് ഭുവനിൽ കുറച്ച് വിശ്വാസവും ഇഷ്ടവും വന്നത്. എനിക്ക് ഏറ്റവും പേടി ചേച്ചിയുടെ ഭർത്താവ് മഹേഷേട്ടനും എന്റെ അച്ഛനും ഭുവനേഷിനെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു. മഹേഷേട്ടിന് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ പേടിയാണ്. പക്ഷേ, ചേട്ടന് ഭുവനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരുപാട് നേരം സംസാരിച്ചു. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം ഒരുപാട് നേരം ഭുവനേഷിനോട് സംസാരിച്ചു.

ഒരു ദിവസം ഞാൻ ഭുവന്റെ വീട്ടിൽ പോയിരുന്നു. സുഹൃത്ത് വരുന്നുവെന്നാണ് ഭുവൻ വീട്ടിൽ എല്ലാവരോടും പറഞ്ഞിരുന്നത്. പക്ഷേ, അമ്മയ്ക്കും ബന്ധുക്കൾക്കും കാര്യങ്ങൾ ഏകദേശം മനസിലായിരുന്നു. അവർ മരുമകളെ സ്വീകരിക്കുന്നത് പോലെയാണ് എന്നെ സ്വീകരിച്ചത്. അത്രയേറെ വിഭവങ്ങൾ അവർ എനിക്കായി ഒരുക്കിയിരുന്നു. ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. അതെല്ലാം കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. ആദ്യമായാണ് എനിക്ക് അങ്ങനൊരു അനുഭവം. ഒരാൾ എന്നെ പെണ്ണു കാണാൻ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. അയാളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു'', യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അനുമോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക