രേണുവിനെ നിയമപരമായി സുധി വിവാഹം ചെയ്തിരുന്നില്ലെന്നും അതിനാൽ രേണു ഈ തുകയ്ക്ക് അർഹയല്ലെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു.

അടുത്തിടെയാണ്, അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി ഉത്തരവിട്ടത്. ഇന്‍ഷുറന്‍സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടത്. രേണുവിനെ നിയമപരമായി സുധി വിവാഹം ചെയ്തിരുന്നില്ലെന്നും അതിനാൽ രേണു ഈ തുകയ്ക്ക് അർഹയല്ലെന്നും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് രേണു.

''ആ ഒരു തുക സുധി ചേട്ടന്റെ മരണശേഷം കിട്ടുന്നതാണ്. അത് കേൾക്കുന്നത് എനിക്ക് വിഷമമാണ്. അർഹതപ്പെട്ട നാല് പേർക്കാണ് സുധി ചേട്ടന്റെ പേരിൽ കിട്ടുന്ന തുക ലഭിക്കുക. വക്കീൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ബാക്കിയെല്ലാം എല്ലാവരേയും പോലെ വാർത്തയിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. സുധി ചേട്ടന്റെ കരുതലാണ് ഞങ്ങൾക്ക് കിട്ടാൻ പോകുന്ന നഷ്ടപരിഹാരം. എന്റെ മകൻ റിതുലിന് ലഭിക്കുന്ന വിഹിതം പതിനെട്ട് വയസ് കഴിഞ്ഞാൽ അവനു തന്നെ ഉപയോഗിക്കാം. എല്ലാം കോടതി തന്നെയാണ് തീരുമാനിക്കുന്നതും ചെയ്യുന്നതും. മക്കളുടെ കാര്യം സുരക്ഷിതമായതിൽ സന്തോഷമുണ്ട്. ഇൻഷുറൻസ് തുക കിട്ടുന്നുവെന്ന് അറിഞ്ഞപ്പോൾ കിച്ചുവിന് കൂടി കൊടുക്കണേയെന്ന് പറയുന്നവർ വിവരമില്ലായ്മ കൊണ്ട് പറയുന്നതാണ്. പിന്നെ കുറച്ച് കുശമ്പും‌. എല്ലാം കോടതിയാണ് തീരുമാനിക്കുന്നത്. അവകാശപ്പെട്ടവർക്ക് കോടതി കൃത്യമായി നൽകും.

ഇൻഷുറൻസ് തുക തട്ടിയെടുക്കേണ്ട കാര്യം എനിക്കില്ല. എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല. പിന്നെ ഞാൻ സുധി ചേട്ടനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് പറയുന്നവരോട്... തെങ്ങണ സബ് രജിസ്ട്രേഷൻ ഓഫീസിൽ ഞാനും സുധി ചേട്ടനും അദ്ദേഹത്തിന്റെ മൂത്ത മകൻ രാഹുലും എന്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം രജിസ്ട്രർ ചെയ്തത്. 2017 മെയ് ഏഴിനാണ് വിവാഹം രജിസ്ട്രർ ചെയ്തത്. വെറുതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാൻ ആർക്കും കഴിയില്ല. ഞാൻ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണ്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക