
ഡബ്ബ് ചെയ്‍ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തമാശ വീഡിയോ യാഥാര്‍ഥ്യമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ (Kangana Ranaut) ട്വിറ്ററില്‍ ട്രോള്‍ മഴ. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇതില്‍ പ്രതിഷേധിച്ച് ഖത്തര്‍ എയര്‍വെയ്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വഷുദേവ് എന്നയാള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് ഖത്തര്‍ എയര്‍വെയ്സ് (Qatar Airways) സിഇഒ അക്ബര്‍ അല്‍ ബേക്കറിന്‍റെ പ്രതികരണം എന്ന നിലയില്‍ തയ്യാറാക്കപ്പെട്ട സ്പൂഫ് വീഡിയോയാണ് യാഥാര്‍ഥ്യമെന്ന് കങ്കണ തെറ്റിദ്ധരിച്ചത്.
പങ്കെടുക്കാനുള്ള മീറ്റിംഗുകളെല്ലാം ഒഴിവാക്കി ഞാന്‍ ഖത്തറിലേക്ക് പറന്നെത്തി. കാരണം ഞങ്ങളുടെ ഏറ്റവും വലിയ ഷെയര്‍ ഹോര്‍ഡറായ വസുദേവ് ഞങ്ങളെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 624 രൂപ മൂല്യമുള്ളതാണ് അദ്ദേഹത്തിന്‍റെ ഷെയര്‍. വിമാനക്കമ്പനി ഇനി എങ്ങനെ നടത്താനാവുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിമാനങ്ങളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. ഈ ബഹിഷ്കരണാഹ്വാനം വഷുദേവ് പിന്‍വലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ടിക് ടോക്ക് വീഡിയോകള്‍ നിര്‍മ്മിക്കാനായി ഒരു മുഴുവന്‍ വിമാനവും വിട്ടുതരാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അല്ലെങ്കില്‍ രണ്ട് ലിറ്റര്‍ പെട്രോള്‍ ഞങ്ങള്‍ സൌജന്യമായി തരാം, അല്‍ജസീറയ്ക്കു നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സ്പൂഫ് വീഡിയോയില്‍ സിഇഒയുടേതായി ഡബ്ബ് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഇതിന് കങ്കണയുടെ പ്രതികരണം. ഒരു പാവം മനുഷ്യനെ പരിഹസിക്കുന്ന ഈ വീഡിയോയ്ക്ക് കൈയടിക്കുന്ന ഇന്ത്യക്കാരെന്ന് വിളിക്കപ്പെടുന്നവരോട്, ജനപ്പെരുപ്പമുള്ള ഈ രാജ്യത്തിന് നിങ്ങള്‍ വലിയ ഭാരമാവുന്നതിന്‍റെ കാരണം ഇതുതന്നെയാണ്. ഒരു പാവം മനുഷ്യനെ പരിഹസിക്കാന്‍ ഈ വിഡ്ഢിക്ക് ഒരു ലജ്ജയുമില്ല. താങ്കളെപ്പോലെ ഒരു ധനികനെ സംബന്ധിച്ച് വഷുദേവ് ദരിദ്രനും പ്രാധാന്യമില്ലാത്തവനുമായിരിക്കാം. പക്ഷേ സ്വന്തം ദുഖവും വേദനയുമൊക്കെ പ്രതിഫലിപ്പിക്കുന്നതിനുള്ള അവകാശം അയാള്‍ക്കുണ്ട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ട്, എല്ലാവര്‍ക്കം തുല്യതയുള്ള ഒരു ലോകം, എന്നായിരുന്നു ഈ വീഡിയോയ്ക്കുള്ള കങ്കണയുടെ പ്രതികരണം. എന്നാല്‍ ഇത് സ്പൂഫ് ആണെന്ന് മനസിലാക്കിയ കങ്കണ സ്റ്റോറി പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം കങ്കണയ്ക്കെതിരായ ട്രോളുകളും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ