
താന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് (Kurup Movie) എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ (Shine Tom Chacko). താന്‍ നായകനാവുന്ന പുതിയ ചിത്രം അടിയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഷൈന്‍ ടോം ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ദുല്‍ഖറിനെ അഭിസംബോധന ചെയ്‍തുകൊണ്ടുള്ളതാണ് കുറിപ്പ്. ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവും കുറുപ്പിലെ നായകനും ദുല്‍ഖര്‍ (Dulquer Salmaan) ആയിരുന്നു.
എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, മുഴുവന്‍ ആത്മാര്‍ഥതയോടെയുമാണ് ഈ ചിത്രം ഞാന്‍ ചെയ്തത്. ഇത് തിയറ്ററില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. അഹാനയുടെയും ധ്രുവന്‍റെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍. ഒപ്പം രതീഷിന്‍റെ മികച്ച എഴുത്തും. ക്ഷമിക്കണം... കഴിവുള്ളവരുടെ ഒരു കൂട്ടത്തെ അവഗണിക്കുമ്പോഴുള്ള വേദന താങ്കള്‍ക്ക് അറിയാം. നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അവഗണിച്ചതുപോലെ, എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു, എന്നാണ് ഷൈനിന്‍റെ പോസ്റ്റ്.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെയറര്‍ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ALSO READ : കേരളത്തിലെ എക്കാലത്തെയും വലിയ തമിഴ് ഹിറ്റ് ആയി വിക്രം; അഞ്ച് ദിവസം കൊണ്ട് നേടിയത്