
രാജ്യമൊട്ടാകെ സ്വീകാര്യത കിട്ടിയ സിനിമയാണ് ദുല്‍ഖര്‍ നായകനായ 'സീതാ രാമം'. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. താരങ്ങളടക്കമുള്ളവര്‍ 'സീതാ രാമ'ത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണൗട്ടും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയാണ്.
ഒടുവില്‍ 'സീതാ രാമം' കണ്ടു. എന്തൊരുു ഗംഭീരമായ അനുഭവം. ഇതിഹാസ പ്രണയകഥ. അസാധാരണമായ തിരക്കഥയും സംഭാഷണവും. അഭിനന്ദനങ്ങള്‍ ഹനു രാഘവപ്പുഡി. എല്ലാ വിഭാഗങ്ങളിലുള്ലവരും മികച്ച രീതിയില്‍ ജോലി ചെയ്‍തു. എല്ലാ അഭിനേതാക്കളും അതിമനോഹരമായി ചെയ്‍തു. മൃണാളിന്റെ പ്രകടനമാണ് എന്നെ സംബന്ധിച്ച് ഏറ്റവും മികച്ചത്. വികാരങ്ങളുടെ കയ്യടക്കത്തോടെയുള്ള പ്രകടനം. മറ്റൊരു നടിക്കും ഇങ്ങനെ അവതരിപ്പിക്കാനാകില്ല. എന്ത് ഗംഭീര കാസ്റ്റിംഗ്. ശരിക്കും റാണിയെപ്പോലെ. നിങ്ങളുടെ കാലം ഇവിടെ ആംരഭിക്കുന്നു എന്നുമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കങ്കണ റണൗത് കുറിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതല്‍ സ്‍ട്രീം ചെയ്‍തിരുന്നു. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു. 'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല. 'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‍നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിച്ചത്.
'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.
Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ