
ബോക്സ് ഓഫീസിൽ ദുരന്തമായി കങ്കണ റണാവത്തിന്റെ പുതിയ ചിത്രം ധാക്കഡ്. ഏറെ കൊട്ടിഘോഷിച്ച് തീയറ്ററുകളിലെത്തിയ ചിത്രം റിലീസിന്റെ എട്ടാം നാൾ രാജ്യത്ത് മൊത്തം നേടിയ കളക്ഷൻ ആകെ അയ്യായിരം രൂപയിൽ താഴെ. കൃത്യമായി പറഞ്ഞാൽ 4420 രൂപ. എട്ടാം നാൾ വിറ്റുപോയതാകട്ടെ 20 ടിക്കറ്റുകൾ മാത്രവും. സമീപകാലത്ത് കങ്കണയുടെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയിരിക്കുകയാണ് ധാക്കഡ്. 2100 കേന്ദ്രങ്ങളിൽ ഫിലീസ് ചെയ്ത ചിത്രം, ഒരാഴ്ച പിന്നിടുമ്പോൾ 99 ശതമാനം തീയറ്ററുകളും പിൻവലിച്ചുകഴിഞ്ഞു. ഇതുവരെ സിനിമയ്ക്ക് നേടാനായത് മൂന്ന് കോടിക്കടുത്ത് വരുമാനം മാത്രം.
100 കോടിയോളം ബജറ്റിൽ നിർമ്മിച്ച ധാക്കഡ്, കങ്കണ തന്റെ അഭിനയജീവിതത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു. രണ്ട് വർഷം മുൻപ് പ്രോജക്ട് പ്രഖ്യാപിക്കുമ്പോ ൾ നടി പറഞ്ഞത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ധാക്കഡ് വലിയ വഴിത്തിരിവാകുമെന്നാണ്. തീവ്രവാദികൾക്കെതിരെ പോരാടുന്ന ദൗത്യസംഘത്തിലെ ഓഫീസർ അഗ്നിയായിട്ടാണ് കങ്കണ വേഷമിട്ടത്. മൂന്ന് മാസം നീണ്ട പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കും ശേഷമായിരുന്നു താരം സിനിമയിൽ അഭിനയിച്ചത്. നവാഗതനായ രസ്നീഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിൽ സഹകരിച്ചതാകട്ടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ സാങ്കേതിക വിദഗ്ധരും.
എല്ലാം പാഴായതിന്റെ ഞെട്ടലിലാണ് ചിത്രത്തിന്‍റെ അണിയറക്കാർ. ധാക്കഡിനൊപ്പം മെയ് 2-0ന് റിലീസ് ചെയ്ത ഭൂൽ ഭുലയ്യ 2 100 കോടി ക്ലബിൽ ഇടംനേടിക്കഴിയുകയും ചെയ്തു. സിനിമ ഒടിടി പ്ലാറ്റ്ഫോമിലേക്ക് പോലും ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. ബോക്സ് ഓഫീസിലെ തിരിച്ചടിക്ക് പിന്നാലെ കങ്കണയുടെ വിമർശകർ തലങ്ങും വിലങ്ങും ആക്രമണവും തുടങ്ങി. ഗംഗുഭായ് കത്തിയാവാഡി ഇറങ്ങിയപ്പോൾ കങ്കണ ആലിയ ഭട്ടിനെ പരിഹസിച്ച കഥയാണ് പലരും കുത്തിപ്പൊക്കുന്നത്. 200 കോടി കത്തിച്ചാരമാകുന്നത് കാണാം എന്നായിരുന്നു ഗംഗുഭായിയുടെ റിലീസ് തലേന്ന് കങ്കണയുടെ കമന്റ്. ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിനെ മാഫിയാക്കാരനെന്ന് വിളിച്ച് സ്വജനപക്ഷപാതത്തിനെതിരെ അന്ന് ഒന്നുകൂടി കടുപ്പിക്കുകയും ചെയ്തു കങ്കണ.
Read More : Dhaakad Box Office : ബജറ്റ് 100 കോടി; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് കങ്കണയുടെ ധാക്കഡ്
ഗംഗുഭായ് നേടിയ കളക്ഷൻ വച്ചുള്ള താരതമ്യം ആണ് ഇപ്പോൾ എല്ലായിടത്തും നിറയുന്നത്. ഒപ്പം ട്രോളുകളും. എട്ടാംനാൾ ടിക്കറ്റെടുത്ത 20 പേർ കല്ലുമായി കങ്കണയുടെ വീടിന് മുന്നിൽ നിൽക്കുന്ന പ്രതീകാത്മക ചിത്രം മുതൽ തുടങ്ങുന്നു പരിഹാസം. കങ്കണ ഇനി സ്വന്തമായി സംവിധാനം ചെയ്യുന്നതാകും നല്ലതെന്ന് മറ്റൊരു കൂട്ടർ. 2015ൽ തനു വെഡ്സ് മനു റിട്ടേൺസ് ഇറങ്ങിയ ശേഷം കങ്കണയുടെ ചിത്രങ്ങളെല്ലാം തുടർച്ചയായ പരാജയങ്ങളായിരുന്നു. 9 ഫ്ലോപ്പുകൾ ഉണ്ടായിട്ടും കങ്കണയെ വച്ച് സിനിമ എടുക്കുന്നത് എന്തിനെന്ന ചോദ്യവും ചിലർ ഉന്നയിക്കുകയാണ്. അതേ സമയം സിനിമാനിരൂപകർ ചിത്രത്തെ പൂർണമായും തള്ളിക്കളയാൻ തയ്യാറായിട്ടില്ല.
സമ്മിശ്രപ്രതികരണം ആണ് നിരൂപകരിൽ നിന്ന് വരുന്നത്. ചില പ്രമുഖ ദേശീയ മാധ്യമങ്ങൾ അഞ്ചിൽ 3.5 സ്റ്റാർ വരെ ചിത്രത്തിന് നൽകിയിട്ടുണ്ട്. ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് കങ്കണയോ ധാക്കഡ് ടീമോ പ്രതികരിച്ചിട്ടില്ല. തേജസ് ആണ് കങ്കണയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രം. സ്വന്തം നിർമ്മാണത്തിൽ ഒരുങ്ങുന്ന ടിങ്കു വെഡ്സ് ഷേരുവും റിലീസിന് ഒരുങ്ങുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ