Asianet News MalayalamAsianet News Malayalam

Dhaakad Box Office : ബജറ്റ് 100 കോടി; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് കങ്കണയുടെ ധാക്കഡ്

ബോളിവുഡ് സമീപകാലത്ത് കാണുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് തകര്‍ച്ചയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്

dhaakad box office kangana ranaut Razneesh Ghai
Author
Thiruvananthapuram, First Published May 25, 2022, 5:09 PM IST

ബോളിവുഡ് ഈ സീസണില്‍ പ്രതീക്ഷയോടെ കണ്ടിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു കങ്കണ റണൌത്ത് (Kangana Ranaut) നായികയായ ധാക്കഡ് (Dhaakad). വന്‍ കാന്‍വാസില്‍ ഒരുങ്ങിയ ആക്ഷന്‍ സ്പൈ ത്രില്ലറിന്‍റെ ബജറ്റ് 100 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 20, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ ദയനീയ പ്രകടനമാണ് ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സമീപകാലത്ത് കാണുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് തകര്‍ച്ചയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. വന്‍ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം മാറ്റി പകരം വിജയകരമായി പ്രദര്‍ശനം തുടരുന്ന കാര്‍ത്തിക് ആര്യന്‍ ചിത്രം ഭൂല്‍ ഭുലയ്യ 2 കളിക്കാനാണ് തിയറ്ററ്‍ ഉടമകള്‍ താല്‍പര്യപ്പെടുന്നത്.

ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് ചിത്രത്തിന് 2 കോടി പോലും നേടാനായില്ല. ഭൂല്‍ ഭുലയ്യ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കങ്കണ ചിത്രത്തിന് ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന തരത്തിലാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം സാറ്റലൈറ്റ്, ഡിജിറ്റല്‍ വില്‍പ്പന വഴി നിര്‍മ്മാതാക്കള്‍ക്ക് ഒരു പരിധി വരെ നഷ്ടം നികത്താമെന്നും വിലയിരുത്തലുണ്ട്. പക്ഷേ ആദ്യമെത്തിയ ചില മികച്ച ഓഫറുകള്‍ കൂടുതല്‍ മികച്ചത് വരുമെന്ന പ്രതീക്ഷയില്‍ നിര്‍മ്മാതാക്കള്‍ നിരസിച്ചിരുന്നു. ആ വഴിക്ക് ലഭിക്കുമായിരുന്നു ഭേദപ്പെട്ട വരുമാനത്തെ ഇതും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നായികമാര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ആക്ഷന്‍ ചിത്രങ്ങളുടെ ഇന്ത്യയിലെ വിജയ ശതമാനം വളരെ കുറവാണ്. അത്തരം ചിത്രങ്ങള്‍ തന്നെയും കുറവാണ്. രേഖയെ നായികയാക്കി കെ സി ബൊകാഡിയ സംവിധാനം ചെയ്‍ത ഫൂല്‍ ബനെ അങ്കാരെ (1991) പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ ആ ഗണത്തില്‍ വിജയിച്ചിട്ടുള്ളൂ. 

ഏജന്‍റ് അഗ്നി എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ധാക്കഡ്. ഏപ്രില്‍ മാസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ തീരുമാനം. എന്നാല്‍ കൊവിഡിനു ശേഷം തിയറ്ററുകള്‍ സജീവമായ സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളുടെ സാന്നിധ്യം പരിഗണിച്ച് റിലീസ് നീട്ടുകയായിരുന്നു. പ്രതിനായക കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

റസ്നീഷ് റാസി ഘായ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ദീപക് മുകുത്, സൊഹേല്‍ മക്‍ലായ്, എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സഹനിര്‍മ്മാണ് ഹുനാര്‍ മുകുത്. സോഹം റോക്ക്സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് കമല്‍ മുകുത്ത്, സോഹേല്‍ മക്‍ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവരുമായി ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios