
കന്നഡ സിനിമാ താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡി ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.
സിനിമാ താരവും മോഡലുമായ മുപ്പത്തിയാറുകാരിയുടെ പരാതിയിലാണ് കന്നഡ സിനിമാ നിർമാതാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എവിആർ എന്റർടെയ്ൻമെന്റ് ഉടമയാണ് പിടിയിലായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി.ദുബായിലും ശ്രീലങ്കയിലും ഉൾപ്പെടെ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാറുള്ള അരവിന്ദ് ഇത്തരത്തിൽ ഒരു മത്സരത്തിനിടെ ശ്രീലങ്കയിൽ വച്ചാണ് നടിയുമായി അടുപ്പം സ്ഥാപിക്കുന്നത്.ഈ ബന്ധത്തിന്റെപേരിൽ തന്നെ പിന്നീട് അരവിന്ദ് വെങ്കടേഷ് റെഡ്ഡി സമ്മർദത്തിലാക്കുകയായിരുന്നുവെന്നാണ് നടി പൊലീസിന് നൽകിയ പരാതിയിലുള്ളത്.
സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ അവിടെയുമെത്തി നിർമാതാവ് ഉപദ്രവിച്ചു. സഹോദരനൊപ്പം എത്തി തന്റെ മോശം ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അരവിന്ദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസ് നിലനിൽക്കേ ശ്രീലങ്കയിൽ നിന്ന് ഇന്ന് രാവിലെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ആരോപണങ്ങൾ നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി. നടിയുമായി അടുപ്പമുണ്ടായിരുന്നു എന്നും അവർക്ക് പണവും ഫ്ലാറ്റും നൽകിയിരുന്നു എന്നും സമ്മതിച്ച അരവിന്ദ്, നടി മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നും വിശദീകരിക്കുന്നു.