
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടൻ കണ്ണൻ സാഗർ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ലഹരി ഉപയോഗം അരുതേയെന്ന് പറയാനേ നമുക്ക് പറ്റൂവെന്നും ഇതിന്റെ വ്യാപ്തി അപകടമാവിധം പടർന്നു പന്തലിച്ചിരിക്കുകയാണെന്നും കണ്ണൻ സാഗർ പറയുന്നു. എന്നിലൂടെ ലഹരിയെ ഞാൻ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ ഞാനായിട്ട് ഉപയോഗിക്കുകയോ ചെയ്യില്ലാന്ന് ശപഥം ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
കണ്ണന്‍ സാഗറിന്‍റെ വാക്കുകള്‍ ഇങ്ങനെ
ലഹരികൾ മനുഷ്യർക്ക് ഒരു വലിയബാധ്യതയാണ്. വിഷാദം, മൗനം, ചിന്താശക്തി, ഒറ്റപ്പെടൽ, വാശി, വിദ്വേഷം, വെറുപ്പ്, വൈരാഗ്യം, തന്റേടം, അപൂർവ്വ നിമിഷങ്ങളിലെ സന്തോഷം, ഇതിനെല്ലാം ലഹരികളാണ് ഏറ്റവും നല്ല പ്രതിവിധികൾ എന്ന് ഇപ്പോഴത്തെ തലമുറയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. മാഫിയ എന്ന അദൃശ്യ കൂട്ടർ ഈ ലഹരികളുടെ തുടക്കം ചെറുപ്രായം മുതലേ പരിപോഷിപ്പിക്കാൻ ആരൊയൊക്കെയോ മെനക്കെട്ടിറക്കുന്നു. പാവപ്പെട്ട കുട്ടികൾ ആദ്യം വീഴും പിന്നെ പണമുള്ള കുട്ടികളിലേക്ക് വ്യാപിക്കും. നാടിനും വീടിനും നാട്ടുകാർക്കും ഇവരൊരു ബാധ്യതയും ശല്യവും തലവേദനയുമായി മാറും. പ്രതികരിച്ചു നല്ലതു പറഞ്ഞാൽ പിന്നീട് കൊടുവാളുകളുമായി കൂട്ടമായി ഇറങ്ങും. ലഹരിയുടെ ബന്ധത്തിൽ ഒരു കേസിൽ പെട്ടാൽ ജീവിതം മുഴുവൻ ഈ നാട്ടിൽ തന്നെ തുടരാനും ജയിലുകളും കോടതികളും കയറിയിറങ്ങാനും വിധിക്കപ്പെടുന്ന തലമുറകൾ.
മുന്തിയതും കടുപ്പം കുറഞ്ഞതുമായ ലഹരിയുടെ ഉറവിടങ്ങൾ ഉറവപോലെ ഒഴുകുന്നു. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് വിപണനവും വ്യാപാരക്രമങ്ങളും പുതിയ പുതിയ മാർഗ്ഗങ്ങൾ തേടി അതിന്റെ ജൈത്ര യാത്ര തുടരുന്നു. ചെറുമീനുകൾ മാത്രം വലയിൽ കുടുങ്ങും. വൻസ്രാവുകൾ അന്താരാഷ്ട്ര വിപണിയിൽ സജീവമായി തുടരുന്നു. ഉപയോഗം അരുതേയെന്ന് പറയാനേ നമുക്ക് പറ്റൂ ഇതിന്റെ വ്യാപ്തി അപകടമാവിധം പടർന്നു പന്തലിച്ചിരിക്കുന്നു. ചുറ്റും ഒന്ന് വീക്ഷിക്കുക. നമ്മുടെ മക്കൾ പോകുന്ന വഴികൾ, നമുക്ക് പരിചയമുള്ള കുട്ടികൾ, അവരെ വശീകരിക്കാൻ വരുന്ന ലഹരി കഴുകന്മാരെ. അവരെ ഒറ്റുകൊടുക്കാനുള്ള മനസ് മാത്രം മതി ഒരു പരിധിവരെ ഈ വിപത്തിനെ തടയാൻ.
ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. നമുക്കും ശപഥം ചെയ്യാം. എന്നിലൂടെ ലഹരിയെ ഞാൻ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ ഞാനായിട്ട് ഉപയോഗിക്കുകയോ ചെയ്യില്ലാന്ന്. ജീവിതം ഇനിയും കാതങ്ങൾ നീങ്ങാനുണ്ട്. നമ്മളാകട്ടെ ഒരു നല്ല മാതൃക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ