'കാന്താര 2' ല്‍ തീരുമാനമായി, വരുന്നത് വമ്പന്‍ ബജറ്റില്‍ പ്രീക്വല്‍

By Web TeamFirst Published Jan 21, 2023, 8:39 AM IST
Highlights

വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗത്തിന്‍റെ സാധ്യതയെക്കുറിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിര​ഗണ്ഡൂര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം ചിത്രത്തിന്‍റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ പിന്നാലെ എത്തുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് മാത്രമാണ് തീരുമാനമെടുക്കുകയെന്നും കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കുകയാണ്. നിര്‍മ്മാതാവ് വിജയ് കിര​ഗണ്ഡൂരിനെ ഉദ്ധരിച്ച് പ്രമുഖ വിദേശ എന്‍റര്‍ടെയ്ന്‍മെന്‍റ് മാധ്യമമായ ഡെഡ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാന്താരയിലുള്ള പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്‍റെ പൂര്‍വ്വകഥയെ അടിസ്ഥാനമാക്കിയാണ് പ്രീക്വല്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചന ഋഷഭ് ഷെട്ടി ഇതിനകം ആരംഭിച്ചെന്നും തന്റെ രചനാ സഹായികള്‍ക്കൊപ്പം ​ഗവേഷണ ആവശ്യങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിര​ഗണ്ഡൂര്‍ പറയുന്നു. ഷൂട്ട് ജൂണില്‍ തുടങ്ങാനാണ് ഋഷഭ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കാരണം ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതാണ്. 2024 ഏപ്രിലിലോ മെയ് മാസത്തിലോ ഒരു പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ഞങ്ങള്‍ ആലോചിക്കുന്നത്. കാന്താര വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാ​ഗം വരുമ്പോള്‍ പ്രേക്ഷക പ്രതീകഷകളും ഏറെ ഉയരെയാണ്. താരനിരയിലേക്ക് ചില പുതിയ ആളുകളും എത്തും, ഹൊംബാളെ ഫിലിംസിന്‍റെ ഉടമ പറയുന്നു.

ALSO READ : 'ഓസ്‍കറിന് പരിഗണിക്കേണ്ട 10 പ്രകടനങ്ങള്‍'; യുഎസ് മാധ്യമത്തിന്‍റെ പട്ടികയില്‍ ജൂനിയര്‍ എന്‍ടിആര്‍

വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒന്നാണ് കാന്താര 2. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. പിന്നാലെ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടി ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 24 നാണ് ചിത്രം എത്തിയത്. 

click me!