Asianet News MalayalamAsianet News Malayalam

'ഓസ്‍കറിന് പരിഗണിക്കേണ്ട 10 പ്രകടനങ്ങള്‍'; യുഎസ് മാധ്യമത്തിന്‍റെ പട്ടികയില്‍ ജൂനിയര്‍ എന്‍ടിആര്‍

ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍

ntr jr in oscar best actor nomination list of usa today rrr ss rajamouli ram charan
Author
First Published Jan 20, 2023, 11:40 AM IST

ജനപ്രീതിയില്‍ ഇന്ത്യന്‍ സിനിമയിലെ സമീപകാല വിസ്‍മയമാണ് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍. ഇന്ത്യയില്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു തന്നെയാണ് രാജമൌലി ചിത്രങ്ങളില്‍ ആരാധകര്‍ ഏറെയെങ്കില്‍ ആര്‍ആര്‍ആര്‍ നേടിയത് ഭാഷയുടെ അതിരുകള്‍ കടന്നുള്ള പ്രേക്ഷക സ്വീകാര്യതയാണ്. വിശേഷിച്ചും പാശ്ചാത്യ സിനിമാപ്രേമികള്‍ക്കിടയില്‍. നെറ്റ്ഫ്ലിക്സ് റിലീസിനു പിന്നാലെ ചിത്രം യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ തരംഗം തന്നെ തീര്‍ക്കുകയായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയ ചിത്രം ഇത്തവണത്തെ ഓസ്കറിലും ഇതേ വിഭാഗത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്കര്‍ അന്തിമ നോമിനേഷന്‍ ജനുവരി 24 ന് പ്രഖ്യാപിക്കാനിരിക്കെ ആര്‍ആര്‍ആറിന്‍റെ അവാര്‍ഡ് സാധ്യത വിദേശ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇപ്പോഴിതാ യുഎസിലെ പ്രമുഖ മാധ്യമമായ യുഎസ്എ ടുഡേയുടെ ഒരു ലിസ്റ്റ് ശ്രദ്ധ നേടുകയാണ്.

മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കാന്‍ അക്കാദമിയോട് അഭ്യര്‍ഥിച്ചുകൊണ്ട് യുഎസ്എ ടുഡേ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇന്ത്യന്‍ താരം ജൂനിയര്‍ എന്‍ടിആറും ഇടംപിടിച്ചിട്ടുണ്ട്. ആര്‍ആര്‍ആറിലെ കോമരം ഭീമിനെ അവതരിപ്പിച്ച എന്‍ടിആറിന്‍റെ മികവാണ് മാധ്യമം ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലെ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിച്ച രാം ചരണിനെയും പരാമര്‍ശിച്ചുകൊണ്ട് മികച്ച നടനുള്ള ഓസ്കര്‍ പങ്കുവെക്കാന്‍ ആകുമോ എന്ന് ചോദിച്ചുകൊണ്ടാണ് ജൂനിയര്‍ എന്‍ടിആറിനെക്കുറിച്ചുള്ള യുഎസ്എ ടുഡേയുടെ ലഘു കുറിപ്പ്. ട്വിറ്ററില്‍ എന്‍ടിആര്‍ ആരാധകര്‍ ഈ പട്ടിക ആഘോഷമാക്കുന്നുണ്ട്.

ALSO READ : 'കൊട്ട മധുവില്‍ ഒരു ശതമാനം പോലും പൃഥ്വിരാജ് ഇല്ല'; 'കാപ്പ'യിലെ പ്രകടനത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍

ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ചിത്രത്തിന്‍റെ ഒരു സീക്വല്‍ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും രാജമൌലി പറഞ്ഞിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios