
കെജിഎഫ് ഫ്രാഞ്ചൈസി കഴിഞ്ഞാല്‍ മറുഭാഷാ പ്രേക്ഷകര്‍ക്ക് മുന്നില്‍ കന്നഡ സിനിമയ്ക്ക് വലിയ കൈയടി നേടിക്കൊടുത്ത ചിത്രമായിരുന്നു 2022 ല്‍ പുറത്തെത്തിയ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഇരട്ട വേഷത്തില്‍ അഭിനയിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വെറും 14 കോടി ബജറ്റില്‍ എടുത്ത ചിത്രമാണിതെന്ന് ഓര്‍ക്കണം. അത്ര വലിയ സ്വീകാര്യത നേടിയ ചിത്രമായതിനാല്‍ത്തന്നെ കാന്താരയുടെ തുടര്‍ഭാഗം ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ്. അതിന് തെളിവായി ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് തുക സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
സീക്വല്‍ അല്ല, മറിച്ച് പ്രീക്വല്‍ ആയി എത്തുന്ന കാന്താരയുടെ തുടര്‍ച്ചയ്ക്ക് പേരിട്ടിരിക്കുന്നത് കാന്താര ചാപ്റ്റര്‍ 1 എന്നാണ്. ഈ വര്‍ഷം ഒക്ടോബര്‍ 2 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഈ മാസം 20 നും എത്തും. ചിത്രത്തിന്‍റെ പോസ്റ്റ് തിയട്രിക്കല്‍ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ ആണ് നേടിയത്. പ്രൈം വീഡിയോ തന്നെ 2024 മാര്‍ച്ചില്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി മുടക്കിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ് എത്തുന്നത്.
പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 125 കോടി രൂപയ്ക്കാണ് കാന്താര ചാപ്റ്റര്‍ 1 ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ വാങ്ങിയിരിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ള തുകയാണ് ഇത്. കന്നഡ സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ ഒടിടി റൈറ്റ്സ് തുകകളില്‍ ഒന്നാണ് ഇത്. ശരിക്കും പറഞ്ഞാല്‍ കെജിഎഫ് 2 ന് ലഭിച്ചത് കഴിഞ്ഞാല്‍ ഏറ്റവും വലിയ തുക. ചിത്രത്തിന്‍റെ ബജറ്റ് 125 കോടി ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതായത് 100 ശതമാനം ബജറ്റ് റിക്കവറി ചിത്രം റിലീസിന് ആഴ്ചകള്‍ ശേഷിക്കെ ചിത്രം സാധ്യമാക്കിയിരിക്കുകയാണ്.
അതേസമയം റിലീസ് അടുത്തിരിക്കെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ അതിവേഗം പുരോഗമിക്കുകയാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള 20 വിഎഫ്എക്സ് സ്റ്റുഡിയോകളിലാണ് ജോലികള്‍ നടക്കുന്നത്. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.