
യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്‌ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യ സിനിമയുമായി എത്തുകയാണ് കരിക്ക്. തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിർമാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകർക്ക് വലിയ ആഹ്ലാദം പകർന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം.
കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തീയേറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. "കരിക്ക്" ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്. മികച്ച ഉള്ളടക്കക്കത്തിൽ മലയാളിയുടെ ആസ്വാദന നിലവാരം ഉൾക്കൊണ്ടു കൊണ്ട് ഓരോ കണ്ടന്റ്റും ഒരുക്കുന്ന കരിക്ക് ടീമിനൊപ്പം മലയാളത്തിലെ യുവ സംരഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻ ബാനർ കൈകോർക്കുന്ന വിഡിയോക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച "കരിക്ക്" യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ത്. കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ “അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ