തരുൺ മൂർത്തിയുടെ എല്‍ 366 ന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന എല്‍ 366 ന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നേരത്തെ ഈ പ്രോജക്റ്റിനോട് ചേര്‍ത്ത് പറഞ്ഞുകേട്ടിരുന്ന സംവിധായകന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍ ആണ് മോഹന്‍ലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്. വിഷ്ണു മോഹന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു മേപ്പടിയാന്‍. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മോഹന്‍ലാലിന്‍റെ കരിയറിലെ 367-ാം ചിത്രമാവുന്ന ഈ സിനിമയ്ക്ക് എല്‍ 367 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ 367-ാം ചിത്രം
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
അതേസമയം ശ്രീ ഗോകുലം മൂവീസിന്‍റേതായി മറ്റ് ശ്രദ്ധേയ പ്രോജക്റ്റുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുരേഷ് ഗോപി നായകനായ "ഒറ്റക്കൊമ്പൻ", ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന "ആശകൾ ആയിരം", ജയസൂര്യ നായകനായ "കത്തനാർ", നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന "കില്ലർ" എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.



