തൻ്റെ സിനിമകളിൽ നിന്ന് പ്രേക്ഷകർ എപ്പോഴും ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നത് ഒരു ബാധ്യതയായി തോന്നുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. 

ദൃശ്യം 3 ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് എന്ന് കേള്‍ക്കുമ്പോഴേ ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലാണ് പ്രേക്ഷകര്‍ ഓര്‍ക്കാറ്. ഇപ്പോഴിതാ തന്നില്‍ നിന്ന് എപ്പോഴും പ്രേക്ഷകര്‍ ട്വിസ്റ്റുകള്‍ മാത്രം പ്രതീക്ഷിക്കുന്നത് ഒരു ബാധ്യതയായി തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. വലതുവശത്തെ കള്ളന്‍ എന്ന തന്‍റെ സംവിധാനത്തില്‍ എത്താനിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്ത് ചെയ്താലും ആളുകള്‍ ജീത്തു ജോസഫ് സിനിമയില്‍ നിന്ന് ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത് ബാധ്യതയായി തോന്നിയിട്ടുണ്ടോ, അതില്‍ അസ്വസ്ഥത തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ജീത്തുവിന്‍റെ പ്രതികരണം ഇങ്ങനെ- “ബാധ്യതയായൊന്നും തോന്നിയിട്ടില്ല. കാരണം ഞാനായിട്ട് വരുത്തിവച്ചതല്ലേ. അത് വല്ലവരുടെയും തലയ്ക്ക് വച്ചിട്ട് കാര്യമുണ്ടോ. എനിക്കെന്തിനാണ് അസ്വസ്ഥത, അതിന്‍റെ കാര്യമില്ല. ലൈഫ് ഓഫ് ജോസൂട്ടി ഇറങ്ങിയ സമയത്ത് ഒരു പയ്യന്‍ എന്നെ വിളിച്ചു. ഇതെന്താ ചേട്ടാ ഇങ്ങനത്തെ പടം, ഒരു ട്വിസ്റ്റും ഇല്ലല്ലോ എന്ന് ചോദിച്ചു. ട്വിസ്റ്റും സസ്‍പെന്‍സുമില്ല, ജോസൂട്ടിയുടെ ജീവിതം മാത്രമെന്ന് പരസ്യത്തില്‍ ഉണ്ടായിരുന്ന കാര്യം ഞാന്‍ പറഞ്ഞു. എന്നാലും സാറിന്‍റെ പടമായിരുന്നതുകൊണ്ട് എന്തെങ്കിലും ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു പ്രതികരണം. ചില ജോണര്‍ സിനിമകള്‍ വരുമ്പോള്‍ അതില്‍ നിന്ന് ട്വിസ്റ്റ് പ്രതീക്ഷിച്ചിട്ട് കാര്യമില്ല”, ജീത്തു ജോസഫ് പറയുന്നു.

ഡ്രീം പ്രോജക്റ്റ്

“വലതുവശത്തെ കള്ളനെ വേണമെങ്കില്‍ ത്രില്ലര്‍ എന്ന് വിളിച്ചോളൂ. പക്ഷേ അതില്‍ എന്തായാലും ട്വിസ്റ്റ് ഒന്നുമില്ല. ഇമോഷണല്‍ ആയിട്ടുള്ള ക്രൈം ഡ്രാമയാണ് ചിത്രം”, ജീത്തു പറയുന്നു. നല്ല തിരക്കഥ ആണെങ്കില്‍ ഏത് ഗണത്തില്‍ പെടുന്ന സിനിമയും ചെയ്യാന്‍ ഇഷ്ടമാണെന്നും ജീത്തു ജോസഫ് പറയുന്നു. ഒപ്പം തന്‍റെ ഡ്രീം പ്രോജക്റ്റിനെക്കുറിച്ചും സംസാരിക്കുന്നു അദ്ദേഹം. “പുറത്തുനിന്ന് തിരക്കഥകള്‍ വന്നാല്‍ ത്രില്ലര്‍ അല്ലാത്തതാവണമെന്നാണ് താല്‍പര്യം. ഒരു നടന് എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്ന് ആഗ്രഹമില്ലേ. അതുപോലെ തന്നെയാണ് ഒരു സംവിധായകനും. പ്രാഥമികമായി ഞാന്‍ എന്നെയൊരു സ്റ്റോറി ടെല്ലറായിട്ടാണ് കാണുന്നത്. ഇപ്പോള്‍ ഞാന്‍ രണ്ട് മൂന്ന് സിനിമകള്‍ എടുത്ത് വച്ചിരിക്കുന്നത് കുറച്ച് ഡിഫറന്‍റ് ആണ്. അതില്‍ എന്‍റെ ഒരു ഡ്രീം പ്രോജക്റ്റ് ഉണ്ട്. അത് ഞാന്‍ വര്‍ക്ക് ചെയ്ത് തുടങ്ങി. എന്നില്‍ നിന്നും ആരും ഒരുപക്ഷേ അത്തരമൊരു ജോണര്‍ തന്നെ പ്രതീക്ഷിക്കില്ല. പക്ഷേ അത് സമയമെടുക്കും. ഒത്തിരി തയ്യാറെടുപ്പുകള്‍ വേണ്ട സിനിമയാണ്. സിനിമ വലുതാണെന്നല്ല പറഞ്ഞതിനര്‍ഥം”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming