
ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു രൺബീർ കപൂറും കത്രീന കൈഫും. വിവാഹത്തിന്റെ അടുത്ത് വരെയെത്തിയ ഇരുവരുടെയും പ്രണയത്തകർച്ചയും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ ബ്രേക്ക് അപ്പ് സമയത്ത് കത്രീനയെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകയായ പൂജ സമന്ത്. കത്രീനയുടെ അഭിമുഖമെടുക്കാനായി ചെന്നപ്പോൾ അവൾ കരയുകയായിരുന്നെന്നും രൺബീർ കാരണം താൻ തന്റെ കരിയർ നശിപ്പിച്ചുവെന്നാണ് കത്രീന അന്ന് തങ്ങളോട് പറഞ്ഞതെന്ന് പൂജ പറയുന്നു.
"വൈ.ആര്‍.എഫ് സ്റ്റുഡിയോയിലായിരുന്നു കത്രീനയുടെ അഭിമുഖം എടുക്കാനായി ഞങ്ങൾ പോയത്. അവള്‍ അപ്പോൾ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. 'ഞാനൊരു തെറ്റ് ചെയ്തു, എനിക്ക് സിനിമകൾ നഷ്ടമാകാന്‍ കാരണം ഞാന്‍ തന്നെയാണ്'എന്ന് പറഞ്ഞായിരുന്നു കരഞ്ഞിരുന്നത്. 'അവനുമായി പ്രണയത്തിലാവുകയും പിന്നീട് പിരിയേണ്ടിയും വന്നു, ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചല്ലെന്നും' അവള്‍ പറഞ്ഞു. അവന്‍ കാരണം ഞാന്‍ എന്റെ കരിയര്‍ നശിപ്പിച്ചുവെന്നും അവള്‍ പറഞ്ഞു." പൂജ പറയുന്നു.
"അവള്‍ കരുതിയിരുന്നത് രണ്‍ബീറിനെ കല്യാണം കഴിക്കുന്നതോടെ കപൂര്‍ കുടുംബത്തിന്റെ ഭാഗമാകും എന്നാവും. കപൂര്‍ കുടുംബം തങ്ങളുടെ മരുമക്കളെ സിനിമയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നാകും ചിലപ്പോൾ അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. അന്ന് അങ്ങനെയായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. അവള്‍ അങ്ങനെ കുറേ സിനിമകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവള്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു." പൂജ കൂട്ടിച്ചേർത്തു. സഹ്‌റ ജാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പൂജയുടെ തുറന്നുപറച്ചിൽ.
അതേസമയം കത്രീന- വിക്കി കൗശൽ ദമ്പതികൾക്ക് അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. 2021 ഡിസംബർ 9 നായിരുന്നു ഇരുവരുടെയും വിവാഹം. തൊട്ടടുത്ത വർഷം ഏപ്രിൽ പതിനാലിന് രൺബീർ കപൂർ ആലിയ ഭട്ടിനെ വിവാഹം ചെയ്തു.