'കയറ്റം'; 'ചോല'യ്ക്ക് ശേഷമുള്ള സനല്‍കുമാര്‍ ശശിധരന്‍ ചിത്രം

Published : Aug 20, 2019, 04:25 PM IST
'കയറ്റം'; 'ചോല'യ്ക്ക് ശേഷമുള്ള സനല്‍കുമാര്‍ ശശിധരന്‍ ചിത്രം

Synopsis

സനല്‍കുമാറിന്‍റെ സിനിമയ്ക്ക് ഹിമാലയം പശ്ചാത്തലമാകുന്നത് ആദ്യമായല്ല. അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ ഒരാള്‍പ്പൊക്കത്തിന്‍റെ ഒരു ഭാഗം കേദാര്‍നാഥിലായിരുന്നു ചിത്രീകരിച്ചത്.

ലളിതവും എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ പേരുകളാണ് സനല്‍കുമാര്‍ ശശിധരന്‍ സിനിമകളുടേത്. ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ (സെക്സി ദുര്‍ഗ എന്നായിരുന്നു ആദ്യം ഇട്ട പേര്), ചോല പിന്നാലെ 'കയറ്റ'വും. ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം 'ചോല' ലോകപ്രശസ്തമായ വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സനല്‍ പുതിയ സിനിമ ആരംഭിച്ചത്. മഞ്ജു വാര്യര്‍ സനലിന്‍റെ സിനിമയില്‍ ആദ്യമായെത്തുന്നതിന്‍റെ പ്രാധാന്യത്തിലാണ് ഈ പ്രോജക്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

എസ് ദുര്‍ഗ്ഗയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് 'കയറ്റ'ത്തില്‍ മഞ്ജുവിനൊപ്പവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാലയന്‍ താഴ്വരയിലാണ് ചിത്രീകരണം എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. സനല്‍കുമാറിന്‍റെ സിനിമയ്ക്ക് ഹിമാലയം പശ്ചാത്തലമാകുന്നത് ആദ്യമായല്ല. അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ ഒരാള്‍പ്പൊക്കത്തിന്‍റെ ഒരു ഭാഗം കേദാര്‍നാഥിലായിരുന്നു ചിത്രീകരിച്ചത്. അവിടെ സംഭവിക്കുന്ന പ്രളയമായിരുന്നു കഥാപശ്ചാത്തലം. ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും 'കയറ്റ'ത്തിന്‍റെ ഭാഗമാവുന്നുണ്ട്. അരുണ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ചിത്രീകരണസംഘം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഹിമാലയന്‍ താഴ്വരയിലെ മോശം കാലാവസ്ഥ മൂലം ചിത്രീകരണം ചിലപ്പോള്‍ നീണ്ടേക്കാം. സിനിമയുടെ കഥയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സനല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം വെനീസ് ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ചോല' വൈകാതെ തീയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ് സനല്‍കുമാര്‍ ശശിധരന്‍. ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. 'ചോല'യിലെ പ്രകടനം കൂടി കണക്കിലെടുത്താണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ