
ഹിമാചല്‍ പ്രദേശിലെ സിനിമാചിത്രീകരണത്തിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ വിവരം അറിയിക്കാന്‍ മഞ്ജു വാര്യര്‍ വിളിച്ചത് സഹോദരന്‍ മധു വാര്യരെ. ഇന്നലെ രാത്രിയാണ് മഞ്ജുവിന്‍റെ കോള്‍ എത്തിയതെന്നും മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലമായതിനാല്‍ സാറ്റലൈറ്റ് ഫോണില്‍ നിന്നാണ് വിളിച്ചതെന്നും മധു വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"15 സെക്കന്‍റ് മാത്രമേ മഞ്ജുവുമായി സംസാരിക്കാന്‍ കഴിഞ്ഞുള്ളൂ. ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം കൂടിയേ ഉണ്ടാവൂ എന്നും പറഞ്ഞു. എന്തെങ്കിലും ഹെല്‍പ്പ് ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചു. ഇത്തരമൊരു അവസ്ഥ അവര്‍ പ്രതീക്ഷിച്ചിട്ടില്ല എന്ന് തോന്നുന്നു. മൂന്ന് ആഴ്ചയായി അവര്‍ റേഞ്ചില്‍ ഉണ്ടായിരുന്നില്ല. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു സ്ഥലത്തായിരുന്നു. ഹോട്ടലൊന്നും ഇല്ലാത്ത സ്ഥലമാണ്. ടെന്‍റിലൊക്കെ താമസിച്ചാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്." സിനിമാസംഘം ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നും മധു വാര്യര്‍ പറഞ്ഞു.
ഒന്‍പത് ദിവസം മുന്‍പ് മണാലിയില്‍ ചിത്രീകരണം നടന്നിരുന്ന സമയത്ത് മഞ്ജുവിനെയും സംഘത്തെയും കണ്ടിരുന്നതായി രവീഷ് എന്ന മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "11 വരെ അവര്‍ മണാലിയില്‍ ഉണ്ടായിരുന്നു. 12ന് സെര്‍ച്ചു എന്ന സ്ഥലത്തേക്ക് പോയി. അവിടെ 10 ദിവസത്തെ ഷൂട്ടിംഗ് എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെയും ഇന്നലെയുമായി അവിടെ കനത്ത മഞ്ഞുവീഴ്ചയാണ്." എന്നാല്‍ തകര്‍ന്ന റോഡുകളില്‍ പലതും നിലവില്‍ ഗതാഗതയോഗ്യമാണെന്നും മണാലിയില്‍ ഇപ്പോള്‍ നല്ല കാലാവസ്ഥയാണെന്നും രവീഷ് പറഞ്ഞു. മഞ്ജുവിനും സംഘത്തിനും ഒരുപക്ഷേ ഇന്നുതന്നെ മണാലിയിലേക്ക് മടങ്ങിയെത്താന്‍ ആയേക്കുമെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു.
മൂന്നാഴ്ച മുന്‍പാണ് സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ സിനിമയായ 'കയറ്റ'ത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജുവും സംഘവും ഹിമാലയന്‍ താഴ്‍വരയില്‍ എത്തുന്നത്. രണ്ടാഴ്ചയായി ശക്തമായ മഴയാണ് പ്രദേശത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ