
കൊച്ചി: സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ. പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടർ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്നും ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ.
നിർമാതാണ് ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബർ പറഞ്ഞു. സുരേഷ് കുമാർ സംസാരിച്ചത് സിനിമാ വ്യവസായത്തിനു വേണ്ടിയാണ്. ചെറിയ സിനിമാ നിർമാതാക്കൾക്ക് നിലനിൽക്കാൻ വയ്യാത്ത അവസ്ഥയാണെന്നും ചേംബർ പറയുന്നു.
അതേസമയം, സിനിമാ സമരത്തിൽ ഉറച്ച് നിൽക്കുകയാണ് ചേംബർ. മറ്റ് സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്നും സൂചന പണിമുടക്ക് ഉണ്ടാകുമെന്നും ഇതിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും ചേംബർ ഭാരവാഹികൾ അറിയിച്ചു. സൂചന പണിമുടക്ക് വ്യക്തികൾക്കോ സംഘടനകൾക്കോ എതിരല്ലെന്നും ചേംബര്‍.
'എമ്പുരാന്‍റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാം'? തുറന്നടിച്ച് ആന്‍റണി പെരുമ്പാവൂര്‍
ചേംബർ നിലനിൽക്കുന്നത് വ്യവസായത്തിന് വേണ്ടിയാണ്. ഒരു താരവും സിനിമ വ്യവസായത്തിൽ അഭിവാജ്യ ഘടകം അല്ല. ആര് അഭിനയിച്ചാലും ഒടിടി സെയിലും സാറ്റലൈറ്റ് സെയിലുമില്ല. പടം പൊട്ടിയാൽ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുമോ. പല താരങ്ങളും പ്രമോഷനോട് സഹകരിക്കുന്നില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും ഫിലിം ചേംബർ ആരോപിച്ചു. സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് എല്ലാ മാസവും പുറത്ത് വിടും. താരങ്ങൾ എന്നത് ആരുടേയും മൊണോപൊളി അല്ലെന്നും ഇവരെ 6 മാസം കാണാതിരുന്നാൽ ജനം മറക്കുമെന്നും ഫിലിം ചേംബർ അംഗങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..