'മുരളി'യിൽ നിന്ന് 'സന്ദീപിലേക്ക്' വരവേൽപ്പും ഹൃദയപൂര്‍വവും അടക്കം പരാമര്‍ശിച്ച് സംരംഭകത്വത്തിലെ 'കാലം മാറിയ കഥ' പങ്കുവച്ച് മന്ത്രി പി. രാജീവ്

Published : Nov 09, 2025, 12:48 AM IST
varavelpu hridayapoorvam movie

Synopsis

വ്യവസായ മന്ത്രി പി. രാജീവ്, 'വരവേൽപ്പ്' സിനിമയിലെ മുരളിയുടെ പരാജയത്തിൽ നിന്ന് പുതിയ കാലത്തെ സംരംഭകനായ സന്ദീപിന്റെ വിജയത്തിലേക്ക് കേരളത്തിലെ സംരംഭകത്വ മേഖലയിലുണ്ടായ മാറ്റങ്ങൾ വിശദീകരിക്കുന്നു.  

തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളെ മുൻനിർത്തി കേരളത്തിലെ സംരംഭകത്വ മേഖലയിൽ വന്ന വിപ്ലവകരമായ മാറ്റങ്ങൾ വിലയിരുത്തി വ്യവസായ മന്ത്രി പി. രാജീവ്. വരവേൽപ്പിലെ മുരളി നേരിട്ട പ്രതിസന്ധികളിൽ നിന്ന്, 'ഹൃദയപൂർവം' എന്ന സിനിമയിലെ സന്ദീപിനെ പോലുള്ള പുതിയ തലമുറ സംരംഭകർ വിജയഗാഥ രചിക്കുന്ന 'പുതിയ കേരളത്തിൻ്റെ ചിത്രം' മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വ്യവസായ സൗഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷമുള്ള കേരളത്തിൽ സംരംഭകർക്ക് ലഭിക്കുന്ന പിന്തുണയും സംവിധാനങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ കുറിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വ്യവസായികൾ പങ്കുവെച്ച അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ കുറിപ്പ്

മന്ത്രി പി. രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ

1980കളുടെ അവസാനമാണ് ഏഴ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുരളി നാട്ടിൽ തിരിച്ചെത്തുന്നതും ഗൾഫ് മോട്ടോഴ്സ് തുടങ്ങുന്നതും. '93 ൽ സേതുമാധവൻ ദാക്ഷായണി ബിസ്കറ്റ് ഫാക്ടറി തുടങ്ങാനുള്ള പ്രയത്നമാരംഭിച്ചു. രണ്ടു പേർക്കും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വില്ലൻ റോളിൽ പലരുമുണ്ടായിരുന്നെങ്കിലും മുരളിയുടെ കാര്യത്തിൽ സംരംഭകത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങൾ തന്നെ പാലിക്കപ്പെടാതിരുന്നതിൻ്റെ പ്രശ്നമായിരുന്നു പരാജയത്തിന് പ്രധാന കാരണം എന്ന് മറ്റൊരു വായനയിൽ കാണാം.

തനിക്ക് തീരെ പരിചയമില്ലാത്ത ഒരു മേഖലയിലാണ് അതുവരെ സമ്പാദിച്ച പണം അയാൾ മുടക്കുന്നത്. ബസ് സർവ്വീസ് ബിസിനസിനെക്കുറിച്ച് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സംരംഭത്തെക്കുറിച്ചും മുരളിക്ക് അടിസ്ഥാന ധാരണയുണ്ടായിരുന്നില്ല. ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് ആ വിഷയത്തെക്കുറിച്ച് അവശ്യം വേണ്ട ഗൃഹപാഠം ചെയ്യാനോ പഠിക്കാനോ പരിചയം നേടാനോ തുനിയാതെ പലരുടേയും വാക്കുകൾ കേട്ടാണ് ബസ് വാങ്ങിയത് തന്നെ. ജീവനക്കാരെ നിയമിച്ചപ്പോഴും സംരംഭകത്വ പാഠങ്ങൾ പാലിച്ചില്ല. യോഗ്യതയും തൊഴിൽ മികവുമൊന്നും നോക്കാതെ ശുപാർശകൾ മാത്രം പരിഗണിച്ചു. ഗൾഫ് മോട്ടോഴ്സിൻ്റെ പരാജയത്തിൽ ഇത്തരം ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് എന്നതും മറ്റൊരു കാഴ്ചയിൽ ശ്രദ്ധയിൽ വരും.

മുരളിയുടേയും സേതുമാധവൻ്റെയും കാലത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഇരുട്ടി വെളുത്ത പോലെ കാലം മാറി. അന്ന് കൗമാരക്കാരനായിരുന്ന സന്ദീപ് (ഹൃദയപൂർവ്വം/2025) ഇപ്പോൾ നമ്മുടെ കേരളത്തിൽ വിജയകരമായ ഒരു ക്ലൗഡ് കിച്ചൻ ബിസിനസ് നടത്തുകയാണ്. സന്ദീപിൻ്റെ ബിസിനസ് നിരന്തരം മെച്ചപ്പെടുന്നതാണ് അനുഭവം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയും ഹൃദയം തന്നെ മാറ്റിവെക്കേണ്ടി വരികയും ചെയ്ത സംരംഭകനാണയാൾ. സെൻസിറ്റീവായ ആരോഗ്യാവസ്ഥയിൽ പോലും ബിസിനസ് സംബന്ധമായ വേവലാതികളൊന്നും സന്ദീപിനെ അലട്ടുന്നില്ല. വ്യവസായ സൗഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷമുള്ള കേരളത്തിലാണ് സന്ദീപിൻ്റെ സംരംഭം എന്നതാണ് ശ്രദ്ധേയം.

സംരംഭത്തിൽ ആദ്യ ചുവട് മുതൽ കൈപിടിച്ച് സഹായിക്കാൻ സർക്കാരുണ്ടിപ്പോൾ. മുരളിയുടെ കാലത്തില്ലാതിരുന്ന ഒട്ടേറെ സംരംഭാനുകൂല സംവിധാനങ്ങൾ ഇപ്പോഴുണ്ട്. ഏകജാലക അനുമതി, രോഗചികിൽസക്ക് ആശുപത്രി എന്ന പോലെ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുകൾ, പരാതി പരിഹാരത്തിനായി മന്ത്രി തലം മുതൽ പ്രാദേശികതലം വരെയുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം അവയിൽ ചിലതു മാത്രം. സേതുവിനെ ഉപദ്രവിച്ചതു പോലുള്ള ഉദ്യോഗസ്ഥരെയൊന്നും കേരളത്തിലെവിടെയും ഇപ്പോൾ കാണാനാവില്ല. ഉദ്യോഗസ്ഥർ സഹായവുമായി സംരംഭകരിലേക്ക് എത്തുന്നു. ഐ.എസ്.ഐ മാർക്ക് കാണാൻ കുറ്റമൊന്നും ചെയ്യേണ്ട സാഹചര്യമില്ല എന്നർത്ഥം. സന്ദീപിൻ്റെ സംരംഭവിജയം പുതിയ കേരളത്തിൻ്റെ അതിസാധാരണ കാഴ്ച മാത്രമാണ്.

80 കളിലെ മുരളിയെ സൃഷ്ടിച്ച പ്രിയപ്പെട്ട സത്യൻ അന്തിക്കാട് തന്നെയാണ് 2025 ലെ സന്ദീപിനേയും നമുക്ക് മുന്നിൽ വരച്ചിട്ടത്. ഏറെക്കാലം കേരളത്തിലെ സംരംഭകൻ്റെ പ്രതീകമായി പൊതുബോധത്തെ അടക്കിഭരിച്ച മുരളിയും സേതുവും തിരശ്ശീലക്ക് പിന്നിലേക്ക് മാറിയിരിക്കുന്നു. സന്ദീപിനെപ്പോലെ വിജയം കൊയ്യുന്ന സംരംഭകരാണിപ്പോൾ അരങ്ങിൽ. ഈ അനുഭവമാണ് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭകർ കഴിഞ്ഞ ദിവസം പങ്കുവച്ചതും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍