
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ അത് സംബന്ധിച്ച പ്രേക്ഷക ചര്‍ച്ചകളില്‍ മുന്‍നിര പേരുകാരനായിരുന്നു മമ്മൂട്ടി. സമീപകാലത്ത് മമ്മൂട്ടിയുടെ അഭിനയപ്രതിഭയ്ക്ക് പൂണ്ടുവിളയാടാന്‍ അവസരം ലഭിച്ച വര്‍ഷമായിരുന്നു അക്ഷരാര്‍ഥത്തില്‍ 2022. ഒന്നിനൊന്ന് വ്യത്യസ്തമായ അഞ്ച് ചിത്രങ്ങളിലെ അത്രതന്നെ വ്യത്യസ്തരായ അഞ്ച് കഥാപാത്രങ്ങള്‍. ഇതില്‍ ഇപ്പോള്‍ പുരസ്കൃതമായ നന്‍പകല്‍ നേരത്ത് മയക്കത്തിനൊപ്പം റോഷാക്കും പുഴുവുമൊക്കെ പ്രകടനം കൊണ്ട് മമ്മൂട്ടി ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. ഒരര്‍ഥത്തില്‍ ജൂറിക്ക് ഒരു തരത്തിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ഇത്തവണ മമ്മൂട്ടി.
നാല് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയജീവിതത്തില്‍ പലതരം കഥാപാത്രങ്ങളെ മമ്മൂട്ടി പകര്‍ന്നാടിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു എസ് ഹരീഷിന്‍റെ തിരക്കഥയില്‍ ലിജോ ഫ്രെയ്മിലാക്കിയ കഥാപാത്രം. ഒരാള്‍ കാണുന്ന സ്വപ്നം പോലെ മറ്റൊരാള്‍. അങ്ങനെ ഡബിള്‍ റോളിന്, അതും കാമ്പുള്ള ഇരട്ട വേഷങ്ങള്‍ക്ക് തുല്യമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയും തമിഴ് ഗ്രാമീണനായ സുന്ദരവും. ഗൌതം ഘോഷ് ചെയര്‍മാനായ ജൂറി മമ്മൂട്ടിയുടെ പ്രകടനത്തെ വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെ...
"മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ", മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി കുറിച്ചു.
മമ്മൂട്ടി കമ്പനി എന്ന പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം.
ALSO READ : മമ്മൂട്ടി നടന്‍, വിന്‍സി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ