
കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി തൈറോയ്ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ക്യാൻസർ ഹരീഷ് റായിയുടെ വയറിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതായി മെഡിക്കർ ബുള്ളറ്റിൻ പറയുന്നു.
കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ഹരീഷ് റായ് സുപരിചിതനാകുന്നത്. ചിത്രത്തിലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഓം എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതീവ ദുഃഖിതരാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനവും സിനിമയിലേക്ക് നിങ്ങൾ കൊണ്ടുവന്ന മിഴിവും എന്നെന്നും ഓർമ്മിക്കപ്പെടും. പ്രിയ കാസിം ചാച്ച, സമാധാനത്തോടെ വിശ്രമിക്കൂ", എന്നാണ് ടീം കെജിഎഫ് അനുശോചനം അറിയിച്ച് കുറിച്ചത്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. "കന്നഡ സിനിമയിലെ പ്രശസ്ത നടൻ ഹരീഷ് റോയിയുടെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖമുണ്ടാക്കുകയാണ്. ക്യാൻസർ ബാധിതനായിരുന്ന ഹരീഷ് റോയിയുടെ മരണം സിനിമാലോകത്തിന് വലിയൊരു നഷ്ടമാണ്. ഓം, ഹലോ യമ, കൂടാതെ കെജിഎഫ്, കെജിഎഫ് 2 എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ഹരീഷ് അതിശയകരമായി അഭിനയിച്ച് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ദുഃഖം താങ്ങാൻ ദൈവം ശക്തി നൽകട്ടെയെന്നും പ്രാർത്ഥിക്കുന്നു", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കന്നഡ സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട് ഓം, സമര, ബാംഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹാദൂർ, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര, നല്ല തുടങ്ങി സിനിമകൾ ഏറെ ശ്രദ്ധേയമാണ്. കെജിഎഫ് ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.