Muddy : മഡ്ഡി തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമ; മലയാളത്തിൽ ശബ്ദ വിസ്മയം ഒരുക്കാൻ രവി ബസ്‌റൂര്‍

By Web TeamFirst Published Dec 8, 2021, 9:44 AM IST
Highlights

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന മഡ്ഡി ഡിസംബര്‍ 10ന് ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും

ഇന്ത്യയൊട്ടാകെ തരംഗമായ കന്നട ചിത്രം കെ.ജി.എഫിന് (KGF) വേണ്ടി സംഗീതം ഒരുക്കിയ രവി ബസ്‌റൂര്‍ (RAVI BASRUR) മലയാള ചിത്രം മഡ്ഡിയ്ക്ക്(MUDDY) വേണ്ടി സംഗീതമൊരുക്കുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി  ഒരുങ്ങുന്ന മഡ്ഡി ഡിസംബര്‍ 10ന് ആറ് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രമെന്ന ടാഗ് ലൈനുമായി വരുന്ന ചിത്രം  രവി ബസ്‌റൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്. പൂർണമായും  തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന സിനിമയാണ് മഡ്ഡിയെന്നും ഇതിനായി വെസ്റ്റേണ്‍ മാസ്റ്ററിംഗാണ് സ്വീകരിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ കൂടെയായ രവി ബസ്‌റൂര്‍  പറഞ്ഞു. ഹിന്ദി സിനിമയ്ക്ക് രാജ്യത്തിനകത്ത് മാത്രമല്ല, പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ മാര്‍ക്കറ്റുണ്ട്. അതേസമയം ദക്ഷിണേന്ത്യന്‍ സിനിമകള്‍ നാലായി വിഭജിച്ച് കിടക്കുകയാണ്. അവയെ ഏകീകരിച്ച് ഇന്ത്യന്‍ സിനിമയായി ട്രീറ്റ് ചെയ്യുകയാണ് താന്‍ ചെയ്യുന്നത്. അപ്പോള്‍ മാത്രമേ ലോക സിനിമയോട് നമ്മുടെ സിനിമകള്‍ക്ക് മത്സരിക്കാന്‍ സാധിക്കൂ. തന്റെ ചിത്രങ്ങളെല്ലാം വലിയ ക്യാന്‍വാസിലാകുന്നതിനേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യ സിനിമ വ്യത്യസ്തയുള്ള ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമാണ് മഡ്ഡ് റേസ് പോലൊരു പ്രമേയം സിനിമയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സംവിധായകന്‍ ഡോ. പ്രഗഭല്‍ പറഞ്ഞു. മഡ്ഡ് റേസിനുള്ള കൊറിയോഗ്രാഫി ഡിസൈന്‍ ചെയ്യുകയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. റഫറന്‍സിന് പോലും മറ്റൊരു സിനിമ ഈ പ്രമേയത്തിലില്ല. അഞ്ച് വര്‍ഷത്തോളം നീണ്ട റിസേര്‍ച്ചിന് ശേഷമാണ് ഇത്തരത്തിലൊരു സിനിമയിലേക്ക് എത്തിയതെന്നും പ്രഗഭല്‍ പറഞ്ഞു.

ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ 16 ദശലക്ഷം കാഴ്ചക്കാരെ നേടിയപ്പോള്‍ ട്രെയിലര്‍ കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഐഎംഡിബി സര്‍വ്വേയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മഡ്ഡി. ബോളിവുഡ് ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയാണ് മഡ്ഡി ഈ നേട്ടം കൈവരിച്ചത്. പ്രധാന കഥാപാത്രങ്ങളായി എത്തുന്നവര്‍ പുതുമുഖങ്ങളെങ്കിലും ക്യാമറയ്ക്ക് പിന്നിലായി അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ടെക്നീഷ്യന്മാരാണ്.   ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

കായിക രംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രഗഭലിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും, സിനിമയ്ക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയ്യാറുളളവരെയുമാണ് സിനിമയ്ക്കായ് കണ്ടെത്തിയത്. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമയ്ക്കായി കണ്ടെത്തിയാണ് ചിത്രീകരിച്ചത്. അതുപോലെ മഡ്ഡ് റേസിലെ മൂന്ന് വ്യത്യസ്ത പാറ്റേണുകളും സിനിമയില്‍ കാണാം. യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് . തുടങ്ങിയവരും മഡ്ഡിയില്‍ അണിനിരക്കുന്നു. വാര്‍ത്ത വിതരണം PR 360.
 

click me!