അത് നാളെ അറിയാം! കമല്‍ ഹാസന്‍- മണി രത്നം; വന്‍ പ്രഖ്യാപനത്തിനുള്ള കാത്തിരുപ്പില്‍ കോളിവുഡ്

Published : Nov 05, 2023, 07:58 PM IST
അത് നാളെ അറിയാം! കമല്‍ ഹാസന്‍- മണി രത്നം; വന്‍ പ്രഖ്യാപനത്തിനുള്ള കാത്തിരുപ്പില്‍ കോളിവുഡ്

Synopsis

മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്

കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്ന്, നവംബര്‍ 7 നാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കഴിഞ്ഞ മാസാവസാനം ചിത്രത്തിന്‍റെ പ്രധാന അണിയറക്കാരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പേരോ അഭിനേതാക്കള്‍ ആരൊക്കെയെന്നോ ഇനിയും അറിവായിട്ടില്ല. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കേണ്ടതില്ല. കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേദിവസമായ നാളെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കും. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ, കമല്‍ ഹാസന്‍റെ തന്നെ ബാനര്‍ രാജ് കമല്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 5 മണിക്കാണ് ടൈറ്റില്‍ പ്രഖ്യാപനം. ടൈറ്റില്‍ അനൌണ്‍സ്‍മെന്‍റ് വീഡിയോയുടെ മേക്കിംഗ് പുറത്തുവിട്ടുകൊണ്ടാണ് അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായികയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നയന്‍താരയും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായി മാറും കെഎച്ച് 234 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമലിന്‍റെ പിറന്നാള്‍ ദിനമായ ഏഴിന് അഭിനേതാക്കളെ  പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. 

മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ALSO READ : ഇവിടെ പൃഥ്വിരാജ് ഇല്ല, 'നജീബ്' മാത്രം! 'ആടുജീവിതം' ആദ്യ പോസ്റ്റര്‍ വൈറല്‍

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ