
ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന യാത്ര ഏറ്റെടുത്ത് തിയേറ്ററുകള്‍തോറും പ്രേക്ഷകർ. അർജുൻ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ഒന്നിച്ചെത്തിയ 'ഖജുരാഹോ ഡ്രീംസ്' റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കിടിലൻ സിറ്റുവേഷണൽ കോമഡികളും രസകരമായ നിമിഷങ്ങളും കുറച്ച് ത്രില്ലിംഗ് മൊമന്‍റ്സുമൊക്കെയായി കുടുംബപ്രേക്ഷകരെയടക്കം ആവേശം കൊള്ളിച്ചിരിക്കുകയാണ് ചിത്രം.
അഞ്ച് ആത്മാർത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമായി എത്തിയിരിക്കുകയാണ് ചിത്രം. ഒരു ട്രിപ്പ് മൂഡിൽ കണ്ടിരിക്കാൻ പറ്റിയ പടം. ഒരു ഹാപ്പി മൂഡിൽ കണ്ടിരിക്കാൻ കഴിയുന്നൊരു ചിത്രം അതാണ് ഖജുരാഹോ ഡ്രീംസ്. യാത്രകളിഷ്ടപ്പെടുന്നവർക്ക് കൂടുതൽ കണക്ടാവും, കാരണം ഇതൊരു യാത്രയുടെ കഥയാണ്. യാത്രയ്ക്കിടയിൽ പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തുക്കളുടെ കഥയാണ്.
ധ്രുവനും അതിഥി രവിയും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും സിനിമയ്ക്ക് ഹൈ നൽകുന്നുണ്ട്. ഖജുരാഹോ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് എത്തുന്നത് കല്ലിൽ കൊത്തിയ പുരാതന ശിൽപ്പങ്ങള്‍ മാത്രമായിരിക്കും. എന്നാൽ അതിനപ്പുറത്തെ ചില കാര്യങ്ങളും ചിത്രം സ്ക്രീനിൽ എത്തിച്ചിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. മല്ലു സിങ്, കസിൻസ്, അച്ചായൻസ് തുടങ്ങിയ ഹിറ്റ് മൾട്ടി സ്റ്റാർ സിനിമകളുടെ തിരക്കഥാകൃത്ത് സേതുവിന്‍റെ രചനയിൽ മനോജ് വാസുദേവ് എന്ന നവാഗത സംവിധായകന്‍റെ ഈ മൾട്ടിസ്റ്റാർ ചിത്രം തീർച്ചയായും യൂത്തിനേയും കുടുംബപ്രേക്ഷകരേയുമൊക്കെ ആകർഷിക്കുന്നതാണ്.
മൾട്ടിസ്റ്റാർ ചിത്രമായി എത്തിയിരിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. അർജുൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി എന്നിവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. നുറുങ്ങ് തമാശകളുമായി ഷറഫുദ്ദീനും പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നുണ്ട്. മീട്ടുഭായി എന്ന കഥാപാത്രമായി കരിയറിൽ വേറിട്ട വേഷത്തിൽ ചന്തുനാഥും ചിത്രത്തിൽ എത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം രണ്ടാം പകുതി പിന്നിടുമ്പോൾ ഏറെ പ്രാധാന്യമേറിയ, സാമൂഹ്യ പ്രസക്തമായൊരു വിഷയം പ്രേക്ഷക ശ്രദ്ധയിൽ എത്തിക്കുന്നുമുണ്ട്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രദീപ് നായരുടെ ഛായാഗ്രഹണമികവും ലിജോ പോളിന്‍റെ ചടുലമായ എഡിറ്റിംഗും ഗോപി സുന്ദർ ഒരുക്കിയിരിക്കുന്ന മനോഹരമായ ഗാനങ്ങളും എടുത്തുപറയേണ്ടതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ