
മോശം ഭാഷ എന്ന അര്‍ഥത്തില്‍ ചേരി ഭാഷ എന്ന് പ്രയോഗിച്ചതിന് വിമര്‍ശിക്കപ്പെട്ട ബിജെപി അംഗവും നടിയുമായ ഖുഷ്ബുവിന്‍റെ പ്രതികരണവും ചര്‍ച്ചയാവുന്നു. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുഷ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം കടന്നുവന്നത്.
"ഡിഎംകെ ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം", തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുഷ്ബു എക്സില്‍ കുറിച്ചു.
ഖുഷ്ബുവിന്‍റെ പരാമര്‍ശത്തിനെതിരെ വന്ന നിരവധി പ്രതികരണങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് നീലം കള്‍ച്ചറല്‍ സെന്‍ററിന്‍റേത് ആയിരുന്നു. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് സ്ഥാപിച്ച, ദളിത് ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഇത്. ചേരി എന്നത് ദളിതുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കുള്ള തമിഴ് വാക്കാണെന്നും മോശം ഭാഷാപ്രയോഗത്തെ സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ച ഖുഷ്ബു നിരുപാധികം മാപ്പ് പറയണമെന്നും നീലം സെന്‍റര്‍ ആവശ്യപ്പെട്ടു. "ജാതിപരവും ലിംഗപരവുമായ അനീതികള്‍ക്കെതിരെ തലമുറകളായി സ്ത്രീകളുടെ പ്രതിരോധം നടക്കുന്ന ഇടങ്ങളാണ് അത്. ചരിത്രമോ സംസ്കാരമോ ഒരു സമൂഹത്തിന്‍റെ ജീവിതമോ പരിഗണിക്കാതെ ബഹുമാനക്കുറവിനെ സൂചിപ്പിക്കാന്‍ ഒരു പ്രാദേശിക പ്രയോഗത്തെ സാധാരണവത്കരിക്കുന്നത് അംഗീകരിക്കാനാവില്ല", നീലം കള്‍ച്ചറല്‍ സെന്‍റര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച വിമര്‍ശനങ്ങളോടുള്ള ഖുഷ്ബുവിന്‍റെ പ്രതികരണവും പുതിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ആക്ഷേപഹാസ്യത്തിന്‍റെ ഭാഷയിലായിരുന്നു തന്‍റെ പോസ്റ്റ് എന്നും ചേരി എന്ന് കുറിച്ചപ്പോള്‍ താന്‍ ഉദ്ദേശിച്ചത് ആ വാക്കിന്‍റെ ഫ്രഞ്ച് അര്‍ഥമാണെന്നും ആ ഭാഷയില്‍ ആ വാക്കിന് പ്രിയപ്പെട്ട എന്നാണ് അര്‍ഥമെന്നും ഖുഷ്ബു പ്രതികരണ പോസ്റ്റില്‍ കുറിച്ചു. "എന്‍റെ പോസ്റ്റിലെ ഭാഷയെ വിമര്‍ശിച്ച ഒരു വിഭാഗം ആളുകള്‍ സ്ത്രീകളുടെ മാന്യത ചോദ്യംചെയ്യപ്പെടുന്നിടത്ത് നിശബ്ദരാണ്. എന്‍റെ അമ്മ പകര്‍ന്നുതന്ന മൂല്യങ്ങളില്‍ എന്നും അഭിമാനിക്കുന്ന ആളാണ് ഞാന്‍. ദരിദ്രരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള ആളാണ് ഞാന്‍. ചിന്ത കൂടാതെ തീര്‍പ്പുകളില്‍ എത്തിച്ചേരുന്ന നിങ്ങളുടെ വൃത്തികെട്ട തലച്ചോറിലാണ് വിവേചനം ഉള്ളത്. 2 മിനുറ്റിന്‍റെ പ്രശസ്തി ലക്ഷ്യമാക്കി എന്‍റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് ഇത്", ഖുഷ്ബു കുറിച്ചു. ഈ പ്രതികരണത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
ALSO READ : ആ വൈറല്‍ വീഡിയോ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ