ക്രൈമും റൊമാൻസും ഇഴചേര്‍ന്ന് 'സസ്‍പീഷ്യസ് പാര്‍ട്‍ണര്‍'- റിവ്യു

By P R VandanaFirst Published Sep 16, 2022, 4:41 PM IST
Highlights

'സസ്‍പീഷ്യസ് പാര്‍ട്‍ണര്‍' എന്ന കൊറിയൻ ഡ്രാമയുടെ റിവ്യു.

തലവേദനയായ ചില കേസുകൾ, കേസന്വേഷണത്തിനിടയിലെ വഴിത്തിരിവുകൾ, കോടതിനടപടികൾക്കിടയിലെ നൂലാമാലകൾ, ആശയവിനിമയത്തിലുണ്ടാകുന്ന പോരായ്‍മകൾ, ഇതിനെല്ലാത്തിനും ഇടയിൽ തിരിച്ചറിയുന്ന, മുന്നോട്ടുപോകുന്ന പ്രണയം.. വിവിധ ചേരുവകൾ നന്നായി മിശ്രണം ചെയ്യപ്പെട്ടതാണ് 'സസ്‍പീഷ്യസ് പാര്‍ട്‍ണര്‍' എന്ന കൊറിയൻ ഡ്രാമയെ നല്ല രസകരമായ  കാഴ്ചാനുഭവമാക്കുന്നത്.

നോ ജീ വുക്ക് ഒരു പ്രോസിക്യൂട്ടർ ആണ്. യുൻ ബോങ് ഹീ അയാളുടെ ഓഫീസിൽ ട്രെയിനിങ്ങിന് എത്തുന്ന അഭിഭാഷകയും. അവരാദ്യം കണ്ടുമുട്ടുന്നത് ഒരു ആശയക്കുഴപ്പമുണ്ടാക്കുന്ന ഗുലുമാലിനിടെയാണ്. കൃത്യതയും ചിട്ടയുമെല്ലാമുള്ള ജീ വുക്കിന് കുറച്ചൊരു വട്ടുണ്ടെന്ന മട്ടിൽ ഫ്രീക്ക് ആയി പെരുമാറുന്ന ബോങ് ഹീയെ അത്ര പിടിക്കുന്നില്ല. എന്നാലും തന്നെ പറ്റിച്ച ബോയ് ഫ്രണ്ടിനോട് ചുമ്മാ തല്ലുണ്ടാക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്നതിനും ജീ വുക്ക് അവൾക്കൊപ്പം നിൽക്കുന്നുണ്ടുതാനും. എക്സ് ബോയ് ഫ്രണ്ടിന്റെ കൊലപാതകത്തിന് പൊലീസ് ബോങ് ഹീയെ അറസ്റ്റ് ചെയ്യുന്നു. അവൾക്കായി വാദിക്കാൻ തന്റെ സുഹൃത്തിനെ തന്നെ (യൂൻ ഹ്യൂക്ക് ) ജീ വുക്ക് ഏൽപിക്കുന്നു. അവളുടെ നിരപരാധിത്വം മനസ്സിലാക്കുന്ന ജീ വുക്ക് കേസ് പിൻവലിക്കുന്നു. പിന്നാലെ, മരിച്ച ആളുടെ പിതാവ് കൂടിയായ മേലധികാരിയുടെ ദേഷ്യവും പ്രതിഷേധവും പരിഗണിച്ച് പ്രോസിക്യൂട്ടർ ജോലി രാജിവെക്കുന്നു. ജീ വുക്ക് വളർത്തച്ഛനും പഴയ സഹപ്രവർത്തകനും കൂട്ടുകാരനും കൂടിയായി പുതിയ വക്കീൽ ഓഫീസ് തുടങ്ങുന്നു. അവിടെ ബോങ് ഹീയും ജോലിക്കെത്തുന്നു. ഒരു പ്രസിദ്ധ ഷെഫ് കൊല്ലപ്പെട്ട കേസ് അവരുടെ ഓഫീസിലെത്തുന്നു. അതിൽ പ്രോസിക്യൂട്ടർ സ്ഥാനത്തുള്ളത് ജീ വുക്കിന്റെ ആദ്യ ഗേൾഫ്രണ്ട് ആണ്. പ്രതി ചേർക്കപ്പെട്ട ഹ്യൂൻ സോ ജീ വുക്കും ബോങ് ഹീയും ചേർന്ന് നടത്തുന്ന വാദങ്ങളുടെയും ഹാജരാക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിൽ മോചിപ്പിക്കപ്പെടുന്നു. പക്ഷേ പിന്നെയാണ് ജീ വുക്കിന് കാണുന്ന പോലെയല്ല ഹ്യൂൻസോ എന്നും അയാൾ പറയുന്നതു മാത്രമല്ല സത്യമെന്നും മനസ്സിലാവുന്നത്. എന്താണ് ഹ്യൂൻ സോ എന്നും ജീ വുക്കും ബോങ് ഹീയും നേരിടുന്ന പ്രതിസന്ധികളുമാണ് കഥ മുന്നോട്ടുകൊണ്ടുപോവുന്നത്.

ഇതിനിടയിൽ ബോങ് ഹീയും ജീ വുക്കും പ്രണയത്തിലാകുന്നുണ്ട്.    അവരുടെ ബന്ധത്തിൽ  വിള്ളൽ വീഴ്ത്താൻ പോന്ന ചില അനുഭവങ്ങൾ അവരുടെ ബാല്യത്തിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുമ്പോൾ അവർ അകലം പാലിക്കുന്നു. അവർ പിന്നെയും ഒന്നിക്കുമോ എന്നും എന്തായിരുന്നു ആ പ്രശ്‍നങ്ങളെന്നും അവരുടെ പ്രണയവുമെല്ലാം ഈ അന്വേഷണത്തിന്റെയും കൊലപാതകങ്ങളുടെയും കോടതിമുറികളുടേയും സൈഡ് പിടിച്ച് പോകുന്നു.

 ജി ചാങ് വൂക്ക് ആണ് നായകനായ ജീ വുക്കിന്റെ വേഷത്തിലെത്തുന്നത്. നായികയാകുന്നത് നാം ജി ഹ്യൂൻ. ഇവർ രണ്ടുപേരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ കുറേക്കാലമായി കേൾക്കുന്നതാണ്. വെറുതെയല്ല പ്രണയരംഗങ്ങൾ ഇത്ര ഗംഭീരമായതെന്നാണ് കെ ഡ്രാമ ആരാധകരുടെ  കുശുകുശുപ്പ്. ജി ചാങ് വൂക്കിന്റെ എണ്ണമറ്റ ആരാധികമാരുടെ പരാതിയും രംഗങ്ങളുടെ ഒറിജിനാലിറ്റി ആയിരുന്നത്രേ. എന്തായാലും നായികാനായകൻമാരുടെ കെമിസ്ട്രി ആയിരുന്നു ഡ്രാമയുടെ വിജയകാരണങ്ങളുടെ ഹൈലൈറ്റുകളിലൊന്ന് എന്നത് സത്യം. Dong Ha വില്ലനായ ഹ്യൂൻസോയെ ഗംഭീരമാക്കി. നിരപരാധിത്വം അവകാശപ്പെടുന്ന അയ്യോ പാവം രംഗങ്ങളിലും കൊലപാതകിയുടെ ക്രൗര്യഭാവത്തിലും ദോങ് ഹാ ഒരു പോലെ നന്നായി. ചോയ് തേ ജൂൻ, ക്വോൻ നാരാ ,ലീ ദ്യോക്ക് ഹ്വാ,ജാങ് ഹ്യൂക്ക് ജിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
ക്രൈമും റൊമാൻസും പോലെ  എന്നും ജനപ്രിയമായ രണ്ട് ചേരുവകൾ നന്നായി യോജിപ്പിച്ച് കൊണ്ടുപോകാനായതു കൊണ്ടാണ് 2017ൽ പുറത്തിറങ്ങിയ ഡ്രാമയ്‍ക്ക് ഇന്നും കാഴ്‍ചക്കാരെ പിടിച്ചിരുത്താൻ കഴിയുന്നത്, രസിപ്പിക്കാൻ കഴിയുന്നത്.

Read More : അത്ഭുതസിദ്ധിയുമായി 'ബൂങ് സ്വാ', കെ ഡ്രാമയിലെ സൂപ്പര്‍ വുമണിന്റെ കഥ- റിവ്യു

click me!