വിദ്യാർത്ഥിയെ നിർബന്ധിച്ച് കൂവിപ്പിച്ചു; നടൻ ടൊവിനോ തോമസിനെതിരെ കെഎസ്‍യു നിയമ നടപടിക്ക്

By Web TeamFirst Published Jan 31, 2020, 9:47 PM IST
Highlights

മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം. നാളെ പൊലീസിൽ പരാതി നൽകുമെന്ന് കെഎസ്‍യു അറിയിച്ചു. 

മാനന്തവാടി: നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. നാളെ പൊലീസിൽ പരാതി നൽകുമെന്ന് കെഎസ്‍യു നേതൃത്വം അറിയിച്ചു. 

വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്.

"

വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ തീരുമാനിച്ചെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‍യു നാളെ എസ്‌പിക്ക് പരാതി നൽകും.

click me!