'സീരിയല്‍ കാണുന്നവര്‍ മണ്ടന്മാരാണെന്നാണോ ജൂറി പറയുന്നത്'? 'കുടുംബവിളക്ക്' തിരക്കഥാകൃത്ത് ചോദിക്കുന്നു

By Web TeamFirst Published Sep 2, 2021, 3:10 PM IST
Highlights

"നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്"

ഇന്നലെ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന ടെലിവിഷന്‍ പുരസ്‍കാരങ്ങളില്‍ മികച്ച സീരിയലിനുള്ള പുരസ്‍കാരം ഉണ്ടായിരുന്നില്ല. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ 'മികച്ച ടെലി സീരിയലി'നുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ജൂറി ഇതിലുള്ള ആശങ്കയും പങ്കുവച്ചു. കഴിഞ്ഞ തവണത്തെ ടെലിവിഷന്‍ അവാര്‍ഡിലും മികച്ച സീരിയലിന് പുരസ്‍കാരമില്ലായിരുന്നു. ജൂറിയുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയാണ് നിലവില്‍ റേറ്റിംഗില്‍ ഒന്നാംസ്ഥാനത്തുള്ള പരമ്പരയായ 'കുടുംബവിളക്കി'ന്‍റെ തിരക്കഥാകൃത്ത് അനില്‍ ബാസ്. ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നും അനില്‍ ബാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

"നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. അവര്‍ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? ജൂറി അംഗങ്ങള്‍ മോശം എന്ന അര്‍ഥത്തിലല്ല അവരുടെ നിലവാരം പരിശോധിക്കണമെന്ന് ഞാന്‍ പറഞ്ഞത്. അവര്‍ സിനിമയിലോ എഴുത്തിലോ വലിയ ആളുകള്‍ ആയിരിക്കും. പക്ഷേ സീരിയലിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് അവര്‍ കളിയാക്കിയതല്ലേ? സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അവ ജനപ്രിയമാണ്. ടെലിവിഷനിലെ വിനോദപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നത് ഇതാണ്. പ്രത്യേകിച്ച് മെഗാ സീരിയല്‍. ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവര്‍ പറഞ്ഞതിന്‍റെ അര്‍ഥം? അതായത് സീരിയലുകള്‍ കാണുന്ന ആളുകള്‍ക്കൊന്നും നിലവാരമില്ലെന്ന്. പക്ഷേ അവര്‍ക്ക് ഒരു കാര്യം ചെയ്യാമായിരുന്നു, ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. അത് അവര്‍ ചെയ്‍തില്ല", അനില്‍ ബാസ് പറയുന്നു.

സീരിയലുകള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനത്തില്‍ അനില്‍ ബാസിന്‍റെ പ്രതികരണം ഇങ്ങനെ- "കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്‍കാര സ്വാതന്ത്ര്യത്തില്‍ പെടുന്ന ഒന്നല്ലേ? തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കില്‍, സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു തെമ്മാടിയെ നമുക്ക് ആവിഷ്‍കരിക്കണമെങ്കില്‍, അത്തരം സീക്വന്‍സുകളും ഉള്‍പ്പെടുത്തിയേ പറ്റൂ. അല്ലാതെ അയാളെ പുണ്യാളനായി അവതരിപ്പിക്കാന്‍ പറ്റുമോ? രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമൊക്കെ നല്ലവരായും മോശക്കാരായും ചിത്രീകരിക്കാറില്ലേ? അതിനൊന്നും പരിധി നിശ്ചയിക്കാന്‍ പാടില്ല". ഇപ്പോള്‍ സീരിയലിനെ വിമര്‍ശിക്കുന്ന പല വലിയ എഴുത്തുകാരുടെയും രചനകള്‍ മുന്‍പ് സീരിയലുകളായി വന്നിട്ടുണ്ടെന്നും അനില്‍ ബാസ് ചൂണ്ടിക്കാട്ടുന്നു. "വലിയ എഴഉത്തുകാരുടെ എത്രയോ കഥകളും നോവലുകളുമൊക്കെ സീരിയലുകളായി വന്നിട്ടുണ്ട്. സീരിയല്‍ മേഖലയോട് ഉള്ളില്‍ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള കമന്‍റ് ആണ് ജൂറി പറഞ്ഞത്. മുന്നിലെത്തിയതില്‍ കൊള്ളാവുന്നത് ഏതാണെന്നു കണ്ടെത്തലാണ് ഒരു അവാര്‍ഡ് ജൂറിയുടെ ജോലി. കലാകാരന്മാര്‍ക്ക് ചേര്‍ന്ന അഭിപ്രായമേയല്ല ജൂറി പറഞ്ഞത്", അനില്‍ ബാസ് പറയുന്നു.

ബംഗാളി സീരിയല്‍ 'ശ്രീമൊയി'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പരമ്പരയാണ് കുടുംബവിളക്ക്. ഇപ്പോഴും സംപ്രേഷണം തുടരുന്ന ശ്രീമൊയിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എഴുത്തുകാരിയും പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ലീന ഗംഗോപാധ്യായ് ആണ്. എന്നാല്‍ കേരളത്തിലെ പ്രേക്ഷകരുടെ അഭിരുചിയനുസരിച്ച് മാറ്റം വരുത്തിയാണ് കുടുംബവിളക്ക് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അനില്‍ ബാസ് പറയുന്നു- "ശ്രീമൊയി എന്ന സീരിയലിന്‍റെ ഒരു ബേസിക് സ്റ്റോറിയാണ് നമ്മള്‍ എടുത്തിട്ടുള്ളത്. ആദ്യത്തെ നൂറ് എപ്പിസോഡുകളോളം അതിനെ പിന്തുടര്‍ന്നിരുന്നു. പിന്നീട് ഇവിടുത്തെ പ്രേക്ഷകരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള മാറ്റങ്ങളൊക്കെ വരുത്തിയാണ് മുന്നോട്ടുപോയത്", തിരക്കഥാകൃത്ത് പറയുന്നു. നിലവില്‍ 400 എപ്പിസോഡുകള്‍ പിന്നിട്ടിട്ടുണ്ട് കുടുംബവിളക്ക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!