
സോഷ്യല്‍ മീഡിയയില്‍ തങ്ങളെക്കുറിച്ച് ഏറ്റവുമധികം വ്യാജപ്രചരണങ്ങള്‍ കാണുന്നവരാണ് സെലിബ്രിറ്റികള്‍. വിശേഷിച്ച് സിനിമാ താരങ്ങള്‍. അതില്‍ത്തന്നെ പ്രായമായവരോ ചികിത്സയില്‍ കഴിയുന്നവരോ ഒക്കെ നേരിടേണ്ടിവരുന്ന ഒന്നാണ് അവരുടെ തന്നെ മരണവാര്‍ത്തകള്‍ അഥവാ മരിച്ചുവെന്ന വ്യാജ പ്രചരണങ്ങള്‍. പല പ്രമുഖരെയും നിരവധി തവണ കൊന്നിട്ടുണ്ട് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ താന്‍ നേരിട്ട അത്തരം അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് മലയാളത്തിലെ മുതിര്‍ന്ന നടി കുളപ്പുള്ളി ലീല. താന്‍ അഭിനയിച്ച സത്യത്തില്‍ സംഭവിച്ചത് എന്ന പുതിയ ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല ഇക്കാര്യം പറയുന്നത്.
“നടക്കാനിരിക്കുന്ന ഒരു തമിഴ് സിനിമയുടെ ടീം. അവര്‍ക്ക് എന്റെ നമ്പര്‍ ഉണ്ടെങ്കിലും ഞാന്‍ മരിച്ചുപോയി എന്നാണ് അവരൊക്കെ വിശ്വസിച്ചിരിക്കുന്നത്. അവരിലൊരാള്‍ എന്നെ വിളിച്ചു. കുളപ്പുള്ളി ലീലയെ കിട്ടുമോ എന്ന് ചോദിച്ചു. ലീലയാണെന്ന് പറഞ്ഞു. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മരിച്ചുപോയി എന്ന് കേട്ടുവെന്ന് പറഞ്ഞു. ആ സിനിമ ഈ 25-ാം തീയതിയാണ് ഷൂട്ട്. ശിവകാര്‍ത്തികേയന്‍റെ ഒരു പടത്തിന്‍റെ ടീമും ഞാന്‍ മരിച്ചു എന്നാണ് കരുതിയിരുന്നത്. അവരും ഒരിക്കല്‍ വിളിച്ചു. കാര്യം പറഞ്ഞില്ല. പിന്നെ വിളിക്കാം എന്ന് പറഞ്ഞു. മരിച്ചുവെന്ന് അറിഞ്ഞിട്ടാണ് അവര്‍ വിളിച്ചതെന്ന് തമിഴ്നാട്ടില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്. ആര്‍ക്കാണ് ഞാന്‍ മരിക്കാഞ്ഞിട്ട് ഇത്ര ബുദ്ധിമുട്ടെന്ന് ആലോചിക്കുകയാണ്”, കുളപ്പുള്ളി ലീല പറയുന്നു.
“എന്‍റെ വീടിന്‍റെ എതിര്‍വശത്ത് ഡാന്‍സ് സ്കൂള്‍ നടത്തിയിരുന്ന കുട്ടിയും അവരുടെ ഭര്‍ത്താവും സോഷ്യല്‍ മീഡിയയിലൂടെ എന്‍റെ മരണവാര്‍ത്ത അറിഞ്ഞ് വീട്ടിലേക്ക് എത്തി. അപ്പോള്‍ ഞാന്‍ ഇത് കണ്ട് എന്‍റെ ഫോണിലേക്ക് വിളിക്കുന്നവരോടൊക്കെ ഞാന്‍ മരിച്ചിട്ടില്ല, മരിച്ചിട്ടില്ലെന്ന് മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് എത്തുന്നതിന് മുന്‍പ് ദൂരെ നിന്നേ ഇവര്‍ ഇത് കേട്ടു. നീ വിഷമിക്കണ്ട, അമ്മയുടെ ശബ്ദമാണ് ആ കേള്‍ക്കുന്നതെന്ന് ഭര്‍ത്താവ് ഭാര്യയെ ആശ്വസിപ്പിച്ചു. സങ്കടമുണ്ടാക്കിയ ഒരു കാര്യമുണ്ട്. ഞാന്‍ ഫോണിലൂടെ ഇങ്ങനെ പറയുന്നത് അമ്മ കേള്‍ക്കുന്നുണ്ട്. എന്‍റെ ലീലയ്ക്ക് എന്താണ് പറ്റിയത്, ലീല മരിച്ചുവെന്ന് പറഞ്ഞു, അപ്പോള്‍ ലീലയല്ലേ ഈ ഇരിക്കുന്നത് എന്നൊക്കെ അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു. യുട്യൂബുകാരാണ് ഇത് ഇത്രയും കൂടുതല്‍ വളര്‍ത്തി ഉണ്ടാക്കുന്നത്. കാരണം അവര്‍ക്ക് ഏറ്റവും കൂടുതല്‍ പൈസ കിട്ടും. പക്ഷേ ഞാന്‍ ഒരൊറ്റ കാര്യം പറയുകയാണ് അവരോട്. ഒരാളെ കൊന്ന് പൈസ ഉണ്ടാക്കിയാല്‍ അത് നിങ്ങള്‍ തിന്നാല്‍ ദഹിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലരുത്. കുറച്ച് നാള്‍ കൂടി ജീവിക്കണമെന്നുണ്ട്”, കുളപ്പുള്ളി ലീല പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ