30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി തരൂർ; വമ്പൻ മാറ്റങ്ങൾക്ക് നിർദേശങ്ങൾ, ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം

Published : Jun 21, 2026, 08:41 AM IST
shashi tharoor

Synopsis

പുതിയ ജെ സി ഡാനിയേൽ ഫിലിം സിറ്റി പ്രഖ്യാപനത്തിന് പിന്നാലെ, ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി മന്ത്രി പി സി വിഷ്ണുനാഥിന് കത്തയച്ചു. തിരുവല്ലത്തെ ചിത്രജ്ഞലി സ്റ്റുഡിയോയെ സ്ഥിരം കാമ്പസാക്കി മാറ്റണമെന്നും, മലയാള സിനിമയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരത്തെ നിലനിർത്തണമെന്ന ശക്തമായ ആവശ്യവുമായി ഡോ. ശശി തരൂർ എം.പി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സാംസ്കാരിക-സിനിമ-ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് അദ്ദേഹം കത്തയച്ചു. കഴിഞ്ഞ 30 വർഷമായി ഐഎഫ്എഫ്കെയുടെ ആസ്ഥാനം തിരുവനന്തപുരമാണെന്നും അത് അവിടെത്തന്നെ തുടരണമെന്നും ശശി തരൂർ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ മുപ്പതാം പതിപ്പ് പൂർത്തിയാക്കിയ ഐഎഫ്എഫ്കെ, തിരുവനന്തപുരത്തിന്‍റെ മണ്ണിൽ ജനിച്ചുവളർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായി മാറിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിന്‍റെ ഈ പാരമ്പര്യവും ചലച്ചിത്ര മേളകളുടെ അന്തസ്സും അതിന്‍റെ തുടർച്ചയിലാണ് നിലകൊള്ളുന്നത്. ചലച്ചിത്ര ഉത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരത്തിൽ തന്നെ മേള നടത്തണമെന്ന നിർബന്ധമില്ല. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള മുംബൈയിലല്ല, മറിച്ച് ഗോവയിലാണ് നടക്കുന്നത്. വിഖ്യാതമായ കാൻ ചലച്ചിത്ര മേള നടക്കുന്നത് പാരീസിലല്ല, ഒരു തീരദേശ നഗരത്തിലാണ്.

കൊച്ചിയിലെ സിനിമ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലസ്ഥാന നഗരിയിൽ ചലച്ചിത്ര മേളയുടെ സ്ഥിരം വേദി നിലനിർത്തുന്നത് പരസ്പര പൂരകങ്ങളായ കാര്യങ്ങളാണെന്നും കേരളത്തിന് ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂരിന്‍റെ നിർദ്ദേശങ്ങൾ

ചിത്രജ്ഞലി സ്റ്റുഡിയോയുടെ പുനരുജ്ജീവനവും സ്ഥിരം കാമ്പസും: ഗോൾഡൻ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന, നിലവിൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത തിരുവല്ലത്തെ 75 ഏക്കറോളം വരുന്ന ചിത്രജ്ഞലി സ്റ്റുഡിയോ കോംപ്ലക്സ് ഐഎഫ്എഫ്കെയുടെ സ്ഥിരം ക്യാമ്പസായും വർഷം മുഴുവൻ സജീവമായ ഒരു സിനിമാ കേന്ദ്രമായും പുനർരൂപകൽപ്പന ചെയ്യണം.

തീരദേശ മനോഹാരിതയും കണക്റ്റിവിറ്റിയും: കോവളത്തിന് തൊട്ടടുത്തുള്ള ഈ പ്രദേശം കാൻ, ഗോവ മേളകൾക്ക് സമാനമായ തീരദേശ മാന്ത്രികത സമ്മാനിക്കും. താൻ 2011 മുതൽ നിരന്തരമായി പരിശ്രമിച്ച് യാഥാർത്ഥ്യമാക്കിയ ദേശീയപാത 66 / തിരുവനന്തപുരം ബൈപ്പാസ് വഴി വിമാനത്താവളത്തിൽ നിന്നും നഗരത്തിൽ നിന്നും ചിത്രജ്ഞലിയിലേക്കും കോവളത്തേക്കും മികച്ച യാത്രാസൗകര്യമാണ് ഇന്നുള്ളത്.

ചരിത്രപരമായ പ്രാധാന്യം: മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേൽ തിരുവനന്തപുരത്താണ് പഠിച്ചതും കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ച് 'വിഗതകുമാരൻ' നിർമ്മിച്ചതും. അദ്ദേഹത്തിന്റെ പ്രതിമ ഇതിനകം ചിത്രജ്ഞലിയിലുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമ ജനിച്ച മണ്ണിൽ തന്നെ മേളയ്ക്ക് സ്ഥിരം മേൽവിലാസം ഒരുങ്ങുന്നതാണ് ഉചിതം. ഈ സാംസ്കാരിക നിക്ഷേപം കോവളത്തിന്‍റെ ടൂറിസം മേഖലയ്ക്കും വലിയൊരു ഉണർവ് നൽകുമെന്നും, ഐഎഫ്എഫ്കെയ്ക്ക് അർഹമായ സ്ഥിരം വേദി ഒരുക്കുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിനൊപ്പം പ്രവർത്തിക്കാൻ താൻ താല്പര്യപ്പെടുന്നുവെന്നും തരൂർ വ്യക്തമാക്കി. മലയാള സിനിമയിലെ കുലപതിയായ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിർദ്ദേശങ്ങൾ തേടി മുന്നോട്ട് പോകുമെന്നും ശശി തരൂർ എം പി ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണിശിവപാൽ; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ വിമർശനം
ചിറകുവിരിച്ച് മലയാള സിനിമ; ചിദംബരം സിനിമ 'ബാലൻ: ദി ബോയ്' പ്രേക്ഷക ഹൃദയം കീഴടക്കുന്നു