
രാഷ്ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള ചാവേർ റിലീസിന് ഒരുങ്ങുന്നു. ചിത്രം സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ എത്തും. സമീപകാലത്ത് വേറിട്ട വേഷപ്പകർച്ച കൊണ്ട് മലയാളികളെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത് മരണമാസ് റോളിൽ ആണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. രണ്ടേ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറിയ ടിനു പാപ്പച്ചനാണ് ചാവേർ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.
കുഞ്ചാക്കോ ബോബന് പുറമേ ആന്‍റണി വര്‍ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലർ സെപ്റ്റംബർ അഞ്ചിന് പുറത്തുവിടും. മലയാള പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ ഹൃദയത്തിലേറ്റിയ സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ആദ്യ ചിത്രവും ഇത് തന്നെ.
പതിയെ തുടങ്ങി ചടുല വേഗത്തിൽ പുരോഗമിച്ച് ക്ലൈമാക്സിൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിലേക്ക് എത്തിക്കുന്ന മികച്ച ദൃശ്യാവിഷ്കാരമാണ് ടിനു പാപ്പൻ ചാവേറിൽ ഒരുക്കിയിരിക്കുന്നത്. ചാവേറിന്റെ ടീസറിനും ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്ററുകൾക്കും ആസ്വാദകരിൽ നിന്ന് വൻ സ്വീകാര്യത നേടാനായിരുന്നു. കല്ലിൽ കൊത്തിയ രൂപങ്ങളായുള്ള ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ടിനുവിന്റെ ആദ്യ രണ്ട് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ജോണറിൽ നീങ്ങുന്ന സിനിമയാണ് 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചാവേറിന്റെ നിർമാതാക്കൾ.
സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ഒരു ജയിൽ ചാട്ടത്തിന്റെ കഥ മലയാള പ്രേക്ഷകർ അതുവരെ കണ്ടിട്ടില്ലാത്ത മേക്കിങ്ങിലൂടെ വെളളിത്തിരയിലെത്തിച്ച ടിനു പാപ്പച്ചൻ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു പുതുമുഖ സംവിധായകന്‍റെ യാതൊരു വിധ പരിഭ്രമവും ഇല്ലാതെ ടിനു ഒരുക്കിയ ആ ചിത്രം തിയേറ്ററിൽ നിറഞ്ഞ കളക്ഷനും കയ്യടിയും നേടി. രണ്ടാം സിനിമയായ 'അജഗജാന്തര'ത്തിന് പശ്ചാത്തലമാക്കിയത് ആളും ആരവവുമുള്ള ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു രാത്രിയിൽ തുടങ്ങി അടുത്ത രാത്രിവരെ നീളുന്ന ഉദ്വേഗജനകമായ സംഭവങ്ങളും ക്ഷേത്രോൽസവത്തിന്റെ ചാരുതയും ഒളിമങ്ങാതെ അജഗജാന്തരത്തിലൂടെ ടിനു ആസ്വാദകർക്ക് സമ്മാനിച്ചു.
ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സംവിധായകരുടെ മുൻനിരയിൽ ചുവടുറപ്പിച്ച ടിനു പാപ്പച്ചൻ ചാവേറിലൂടെ പ്രേക്ഷകർക്കായി കരുതിവെച്ചിരിക്കുന്നത് എന്താണെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ലിജോ ജോസ് പെല്ലിശേരിക്കും മറ്റ് മുതിർന്ന സംവിധായകർക്കുമൊപ്പം പ്രവർത്തിച്ച പരിചയമാണ് ടിനു പാപ്പച്ചന്റെ മികവിന്റെ കൈമുതൽ. 'സിറ്റി ഓഫ് ഗോഡ്' മുതൽ 'നന്‍പകല്‍ നേരത്ത് മയക്കം' വരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടിനു പാപ്പച്ചനുണ്ടായിരുന്നു.
ചിലത് ചിലർക്ക് മാത്രം ചേരും, എന്റെ സൂപ്പർ സ്റ്റാർ അദ്ദേഹം: വിവാദത്തിൽ പ്രതികരിച്ച് സത്യരാജ്
ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കൽ, വിഎഫ്എക്സ് ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ് ഫസൽ എ ബക്കർ, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽ അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ് എബി ബ്ലെൻഡ്, ഡിസൈൻ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ